CrimeNEWS

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ കുടുംബം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടന്നേക്കും

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂൾ ഹോസ്റ്റലിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടന്നേക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം. കേസന്വേഷണം ഏറ്റെടുത്ത സി ബി സി ഐ ഡി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ സ്കൂളിൽ എത്തിയശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറി‌ഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ തുടരുകയാണ് കുടുംബം.

കുട്ടിയുടെ മൃതദേഹം തിരുവള്ളൂ‍ർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക മരണങ്ങൾ നടന്നാൽ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് സി ബി സി ഐ‍ഡി കേസ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ വ്യക്തമാക്കുകയായിരുന്നു.

അതേസമയം കള്ളക്കുറിച്ചിയിലെ അക്രമത്തിന്‍റെ അനുഭവത്തിൽ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ വൻ പൊലീസ് സംഘത്തെ സ്കൂളിന് മുന്നിലും പരിസരപ്രദേശങ്ങളിലും വിന്ന്യസിച്ചിട്ടുണ്ടെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ആൽബി ജോൺ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷണത്തിൽ വെളിവാകുമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Back to top button
error: