CrimeNEWS

പോൾ മുത്തൂറ്റ് വധം;ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരേ സഹോദരന്റെ ഹർജി,വിശദമായ വാദം കേൾക്കും

തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പോള്‍ എം ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്ക്ക് എതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവെച്ചത്.

കാരി സതീഷ് ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കിയത് ജയചന്ദ്രന്‍ ആണെന്ന് ആരോപിച്ചാണ് ഹൈക്കോടതി വിധിക്കെതിരെ പോള്‍ എം ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പോള്‍ സഞ്ചരിച്ച വാഹനത്തെ ക്വട്ടേഷന്‍ സംഘം പിന്തുടര്‍ന്നതെന്നും കൊലപാതകം നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരാണ് ഹാജരായത്. കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടതിന് എതിരെയും കുടുംബം ഉടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും എന്നാണ് സൂചന. പ്രതികളെ വെറുതെ വിട്ടതിനെ തിരെ ഇത് വരെയും സിബിഐ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല

Back to top button
error: