കൊച്ചി: മലയാളികളുടെ ആവേശമായി മാറിയ മഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും. ഫുട്‌ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ എഫ്.സി. അധികൃതരാണ് വനിതാ സീനിയര്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്.
വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിതാ ടീമിന്റേയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ് നിയമിച്ചിരുന്നു.
മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആണ് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്. ഇക്കാര്യവും ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.
ഒരു പുതിയ തുടക്കം!
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women’s team. #ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aWPJwXK8GD— Kerala Blasters Women (@KeralaBlastersW) July 25, 2022
ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം പെണ്‍ പ്രാതിനിധ്യമുണ്ട്. അതിനെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളില്‍ കെബിഎഫ്‌സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുക എന്നതും ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലേക്കും സ്ഥാനക്കയറ്റം നല്‍കും. ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക.
ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്‌ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്സിക്ക് നിലവില്‍ വനിതാ ടീമുണ്ട്. നേരത്തെ മറ്റൊരു ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്‌സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.
കേരള ഫുട്ബോള്‍ അസോസിയേഷന്‍(കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുത്ത് കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക്(ഐഡബ്ല്യുഎല്‍) ടീം യോഗ്യത ലക്ഷ്യമിടുന്നു. അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനകം എഎഫ്സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ് ലക്ഷ്യമിടുന്നു.