ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.
2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും 2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്.
പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക് ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് വഴി 11 പേര്‍ക്കായി 30.80 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.