തിരുവനന്തപുരം; കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല് ആശുപത്രി ജംക്ഷന് സമീപം വെച്ച് അശ്രദ്ധമായി ബസ് ഓടിച്ച് അപകടത്തിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെ.വിയെയാണ് വിജലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
സംസ്ഥാനത്ത് മഴക്കാലം ആയതോടെ റോഡ് അപകടങ്ങൾ വർദ്ധിക്കുകയും, അത് കാരണമുള്ള മരണങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത സെക്രട്ടറിക്കും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും നൽകിയ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന മുഴുവൻ ഹെവി വെഹിക്കിളുകളിലുമുള്ള പരിശോധന ആരംഭിച്ചു.
അമിത വേഗത, അലക്ഷ്യമായ ഓവർ ടേക്കിംഗ്, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹെവി വെഹിക്കിളുകളും പരിശോധന നടത്താൻ ഗതാഗത സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ നിയമലംഘനം നടത്തുന്നവർക്കതിരെ ആദ്യഘട്ടത്തിൽ ബോധവത്കരണമാണ് നൽകുന്നത്.
അതിന് ശേഷം കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ഉൾപ്പെടെ ഏത് വാഹനം നിയമലംഘനം നടത്തിയെന്ന് കണ്ടാൽ കർശന നടപടിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
അങ്ങനെ ഏതെങ്കിലും സാഹചര്യത്തിൽ ആർടിഒ, കെഎസ്ആർടിസി, കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് എതിരെ നടപടി സ്വീകരിക്കുകയും, ആ വിവരം റിപ്പോർട്ട് ചെയ്യാപ്പെടുകയും ചെയ്താൽ ആ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.