കിളിമാനൂര്‍: മദ്യം വാങ്ങി മടങ്ങവേ വീടിനു മുന്നില്‍ മൂത്രമൊഴിച്ച പോലീസുകാരും വീട്ടുടമയുമായി സംഘര്‍ഷം. ബഹളമുണ്ടാക്കിയ പോലീസുകാരെ പിടികൂടി നാട്ടുകാര്‍. ആറ്റിങ്ങലിലാണ് സംഭവം.
ആറ്റിങ്ങല്‍ നഗരൂരില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്‌കോ മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികില്‍ മൂത്രമൊഴിച്ചു.
ഇതു കണ്ട് റെയില്‍വേ ഉദ്യോഗസ്ഥനായ ഗൃഹനാഥന്‍ പോലീസുകാരുടെ നടപടി ചോദ്യം ചെയ്യുകയും പിന്നീട് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. ബഹളം രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയും പോലീസുകാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സംസ്ഥാന സമ്മേളനത്തിനായി ചങ്ങനാശ്ശേരിയില്‍ നിന്നും എത്തിയ പൊലീസുകാരാണ് എന്നാണ് വിവരം.