പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് മാസം പഴക്കമുള്ള മീന്‍ കണ്ടെത്തി. നഗരത്തിലെ ഡെയ്‌ലി ഫ്രഷ് മീന്‍ കടയില്‍ നിന്നാണ് മൂന്ന് മാസം പഴക്കമുള്ള മീന്‍ കണ്ടെത്തിയത്. നഗരത്തിലെ പതിനഞ്ചോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പഥാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കുമ്പോഴും പഴകിയ ഭക്ഷണവും മത്സ്യവും മാംസവും വില്‍ക്കുന്നത് നിര്‍ബാധം തുടരുകയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പിഴയൊടുക്കി രക്ഷപ്പെടാന്‍ അനുവദിക്കുന്നതാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ജനങ്ങളുടെ ആക്ഷേപം.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാന്‍ തീരുമാനിച്ച് ചെക്പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കിയെങ്കിലും കാര്യമായമാറ്റം ഉണ്ടായിട്ടില്ല. ദിവസവും നടത്തുന്ന പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍നിന്ന് മോശം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ട്.