BusinessTRENDING

75 വർഷത്തെ ജൈത്രയാത്ര തുടരുന്നു; അമുലിന്റെ വിറ്റുവരവ് 61,000 കോടി

ദില്ലി: അമുൽ സഹകരണസംഘത്തിന്റെ, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 61,000 കോടി രൂപയായി. വിറ്റുവരവ് 15 ശതമാനത്തോളം ഉയർന്നെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചു. മുൻ സാമ്പത്തിക വർഷം 53,000 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായിരുന്നത് എന്ന് അമുൽ ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് വ്യക്തമാക്കി.

2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ്, എഫ്എംസിജി ബ്രാൻഡ് എന്ന സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് എന്ന്  48-ാമത് വാർഷിക പൊതുയോഗത്തിന് ശേഷം ജിസിഎംഎംഎഫ് ചെയർമാൻ ഷമൽഭായ് പട്ടേൽ പറഞ്ഞു.

കഴിഞ്ഞ 12 വർഷത്തിനിടയിൽ അമുലിന്റെ പാൽ സംഭരണത്തിൽ 190 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഒപ്പം പാൽ സംഭരണ ​​വില 143 ശതമാനം വർധിച്ചിട്ടുമുണ്ട്. ലാഭകരമായ വില നൽകുന്നത്  പാൽ ഉൽപാദനത്തിൽ കർഷകരുടെ താൽപര്യം നിലനിർത്താൻ ഞങ്ങളെ സഹായിച്ചു എന്ന് ഷമൽഭായ് പട്ടേൽ കൂട്ടിച്ചേർത്തു. കൂടാതെ ക്ഷീരോൽപാദനത്തിൽ നിന്നുള്ള മികച്ച വരുമാനം ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പാലുത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കുമെന്നും അതിനായി  ഗുജറാത്തിലെ രാജ്‌കോട്ടിൽ 500 കോടി രൂപ മുതൽമുടക്കിൽ പുതിയ ഡയറി പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഡൽഹിക്ക് സമീപമുള്ള ബാഗ്പത്, വാരണാസി, റോഹ്തക്ക്, കൊൽക്കത്ത എന്നിവിടങ്ങളിലും വലിയ ഡയറി പ്ലാന്റുകൾ നിർമ്മിക്കുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

അമുലിന്റെ ഏറ്റവും ഡിമാന്റുള്ള ഉത്പന്നമായ അമുൽ ബട്ടർ 17 ശതമാനതിലധികം വിറ്റുവരവുണ്ടാക്കിയെന്ന് ജിസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടർ ആർ എസ് സോധി പറഞ്ഞു. ജൈവകൃഷിയും പ്രകൃതി കൃഷിയും സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അമുൽ ഏറ്റവും പുതിയ സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും അത്തരം കർഷകർക്ക് വിപണി ബന്ധവും സാങ്കേതിക സഹായവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും സോധി പറഞ്ഞു.

അമുൽ ബ്രാൻഡിൽ, ജൈവ പച്ചക്കറികളും പഴങ്ങളും ഉടൻ വിപണിയിൽ അവതരിപ്പിക്കും എന്നും ജൈവ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കർഷകർക്കും അവരുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: