IndiaNEWS

വിവാദങ്ങളോട് വിടപറഞ്ഞ്, ആകാശം നിറഞ്ഞ് പറക്കാന്‍ സ്പൈസ് ജെറ്റ്; വെള്ളിയാഴ്ച മുതല്‍ 26 പുതിയ ആഭ്യന്തര സര്‍വീസുകള്‍

ദില്ലി: തുടരെയുണ്ടായ തകരാറുകള്‍ സൃഷ്ടിച്ച ചീത്തപ്പേരു മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ സ്‌പൈസ് ജെറ്റ്.
വെള്ളിയാഴ്ച മുതല്‍ 26 പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ സ്പൈസ് ജെറ്റ് ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് നാസിക്കിലേക്കും ഹൈദരാബാദില്‍ നിന്ന് ജമ്മുവിലേക്കും മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്കും ജാര്‍സുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയില്‍ നിന്ന് അഹമ്മദാബാദിലേക്കും കൊല്‍ക്കത്തയില്‍ നിന്ന് ജബല്‍പൂരിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആണ് ആരംഭിക്കുന്നത്

ഇതിനൊപ്പം തന്നെ അഹമ്മദാബാദ്-ജയ്പൂര്‍, ഡല്‍ഹി-ഹൈദരാബാദ്, ഡല്‍ഹി-ധരംശാല, അമൃത്സര്‍-അഹമ്മദാബാദ് റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും എയര്‍ലൈന്‍ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങള്‍ ആയിരിക്കും ഈ റൂട്ടുകളില്‍ വ്യന്യസിക്കുക. സ്പൈസ് ജെറ്റിന്റെ പുതിയ സര്‍വീസുകളുടെ ബുക്കിങ്ങിനായി, സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പിലോ വെബിലോ പരിശോധിക്കാം.

Signature-ad

കഴിഞ്ഞ ദിവസങ്ങളിലായി സ്പൈസ്ജെറ്റിന്റെ വിമാനങ്ങളില്‍ നിരവധി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അതിന്റെ ഒക്യുപ്പന്‍സി നിരക്ക് ജൂലൈയില്‍ ഉയര്‍ന്ന നിലയിലാണ്. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ എന്നും അറിയപ്പെടുന്ന എയര്‍ലൈനിന്റെ ഒക്യുപ്പന്‍സി നിരക്ക് ജൂലൈ 1 നും ജൂലൈ 11 നും ഇടയില്‍ 80 ശതമാനത്തിന് മുകളിലായിരുന്നു, യാത്രക്കാര്‍ നല്‍കിയ വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നതായി സ്പൈസ്ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

അതേസമയം, സ്പൈസ്ജെറ്റ് എയര്‍ലൈനില്‍ നിന്ന് കാര്‍ഗോ, ലോജിസ്റ്റിക്സ് കമ്പനിയായ സ്പൈസ് എക്സ്പ്രസിനെ വിഭജിക്കും. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്പൈസ്ജെറ്റില്‍ നിന്ന് സ്പൈസ്എക്സ്പ്രസ് വേര്‍പിരിയും. ഷെയര്‍ഹോള്‍ഡര്‍മാരും ബാങ്കുകളും വിഭജനത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് സ്പൈസ്ജെറ്റ് സിഎംഡി അജയ് സിംഗ് അറിയിച്ചു. സ്വതന്ത്രമായി മൂലധനം സ്വരൂപിക്കാന്‍ സ്‌പൈസ് എക്‌സ്പ്രസിന് കഴിയും എന്നതുകൊണ്ടാണ് വേര്‍പിരിയല്‍ എന്നും വിഭജനം സ്‌പൈസ്‌ജെറ്റിനും അതിന്റെ എല്ലാ ഓഹരിയുടമകള്‍ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: