കൊല്ലം: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍.ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്.ഇവരെല്ലാം തന്നെ പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത വനിതാ ജീവനക്കാരാണ്.
ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്.
ചടയമംഗലത്തെ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പ്രഥമദൃഷ് ട്യാ കോളജ് അധികൃതര്‍ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നും കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഡിഐജി നിശാന്തിനി പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു എന്ന പരാതി അടിസ്ഥാന രഹിതമെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സി പറഞ്ഞു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ അജിത് നായര്‍ പ്രതികരിച്ചു.