മുംബൈ: അറസ്റ്റിലായ ഐഎഎസ് ഓഫീസർ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചതിന് ചലച്ചിത്ര നിർമ്മാതാവ് അവിനാഷ് ദാസിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ത്രിവർണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു. കള്ളപ്പണക്കേസിൽ നേരത്തെ അറസ്റ്റിലായ ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസർ പൂജ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ഫോട്ടോ ‘അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് എടുത്തത്’ എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ട്വിറ്ററിൽ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ നാളെ അഹമ്മദാബാദ് മെട്രോ കോടതിയിൽ ഹാജരാക്കും.
സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദാസ് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം മെയ് 14നാണ് അവിനാഷ് ദാസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 469 (വ്യാജരേഖ ചമക്കൽ), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 67 (അശ്ലീലം പ്രചരിപ്പിക്കൽ), ദേശീയ കുറ്റകൃത്യങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അവിനാഷ് ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിരുന്നു.