KeralaNEWS

മാന്യന്മാരാണെന്ന് പറഞ്ഞ് നടക്കുന്നവരോട് ഓണ്‍ലൈന്‍ റമ്മി പോലുള്ള നാണംകെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍നിന്ന് പിന്‍മാറാന്‍ അഭ്യര്‍ത്ഥിക്കണം: ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്കെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ട് നിരവധി ആളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് പറഞ്ഞു.

‘ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങിയ ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സഭയുടെ പേരില്‍ സംസ്‌കാരിക മന്ത്രി അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍’ഗണേഷ് കുമാര്‍ പറഞ്ഞു.

അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇത്. ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: