
കുടിയൻമാർക്ക് കുടിച്ചതിന്റെ കെട്ട് വിട്ട ശേഷം മാത്രമേ ബോധം വീഴാറുള്ളൂ.അത് സ്വാഭാവികം. അതുവരെ ബാധ കയറിയപോലെയാണ് അവരുടെ രീതികൾ.ചിലർ കുടിച്ചതിനു ശേഷം വീട്ടിലേക്കുള്ള വഴി മറന്ന് റോഡുവക്കിലും കടത്തിണ്ണയിലും കിടന്നുറങ്ങും.സകലമാന പരിചയക്കാരെയും കെട്ട്യോളെയും എന്തിനേറെ സ്വന്തം മക്കളെ പോലും ആ സമയത്ത് അവർ തന്തയ്ക്ക് വിളിക്കും.ചിലരാകട്ടെ കത്തിക്കുത്ത് നടത്തി ലോക്കപ്പിന്റെ തണുത്ത സിമന്റ് തറയിൽ പോലീസുകാർക്ക് കൂട്ടെന്നപോലെ കിടക്കും.മറ്റു ചിലരാകട്ടെ നാലുകാലിൽ വീട്ടിലെത്തി ഏകാംഗ നാടകം കളിക്കും.അതുവരെ കരഞ്ഞുകൊണ്ടിരുന്ന പെണ്ണുമ്പിള്ള ഇരുട്ടത്ത് ആരും കാണാതെ അടിവയറ്റിൽ മുട്ടുകാൽ കയറ്റുന്നതൊടെ അതിനും തിരശ്ശീല വീഴും.പിറ്റേന്ന് ഇതൊന്നും ഇവർക്ക് ഓർമ്മ കാണുകയുമില്ല-അന്നും കള്ള് കുടിക്കുന്നത് ഒഴിച്ച്.
എന്നാൽ ഇതിൽനിന്നെല്ലാം വിത്യസ്തനാമൊരു കുടിയനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.നല്ല ഓർമ്മശക്തി കിട്ടാൻ ചെത്തിയിറക്കുന്ന സമയത്തുതന്നെ അന്തിക്കള്ള് മോന്തണമെന്നാണ് അയാളുടെ പക്ഷം.അതേ സുഹൃത്തുക്കളെ അയാളിപ്പോൾ ആരാണ്ടെങ്ങാനത്തെ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തിക്കൊണ്ടിരിക്കയാണ്.ഇപ്പോൾ അയാളുടെ മനോമുകിരത്തിൽ എഴുത്താശാന്റെ മുന്നിലിരുന്ന് കൊച്ചിലെ തറയും പറയും പഠിച്ച ഓർമ്മകൾ വരെയുണ്ട്.ആദ്യം പഠിച്ചത് തറ, പിന്നെങ്ങനെ നന്നാവും പറ-എന്ന അയാളുടെ ചോദ്യം നിങ്ങൾ കേൾക്കാൻ വഴിയില്ല.അതിനാൽത്തന്നെ അയാളുടെ ചില ചിന്തകൾ നിങ്ങൾക്കു വേണ്ടി ഇവിടെ പങ്ക് വയ്ക്കുകയാണ്.
അയാൾ പറഞ്ഞത് പ്രളയവും കോവിഡും തകർത്തെറിഞ്ഞ കേരളത്തെപ്പറ്റിയും ആധുനിക വിദ്യാഭ്യാസ രീതിയെപ്പറ്റിയും ആയിരുന്നു.അല്ല,അയാൾ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.സാലറി ചലഞ്ചിൻ്റെ സർക്കാർ ഉത്തരവ് വലിച്ചു കീറി സ്വന്തം സങ്കുചിത കാഴ്ച്ചപ്പാട് വെളിപ്പെടുത്തിയ
അദ്ധ്യാപകരെപ്പറ്റി അറിഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പു് മലയാളമനോരമ ആഴ്ച്ചപ്പതിപ്പിൽ
ജോൺ ആലുങ്കൽ
എന്ന കഥാകൃത്ത് എഴുതിയ ഒരു കഥയായിരുന്നത്രെ അയാൾക്ക് ഓർമ്മ വന്നത്.
കഥയിതാണ്:
അപരിചിതമായ സ്ഥലത്തെത്തിയ ഒരു പാവപ്പെട്ട സ്ത്രീ തൻ്റെ ഒക്കത്തിരിക്കുന്ന, വിശന്നു വലഞ്ഞ കുഞ്ഞുമായി അടുത്തുകണ്ട സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നയിടത്താണ് കഥയാരംഭിക്കുന്നത്.കുഞ്ഞിന് ഭക്ഷണം വേണം, നാട്ടിലെത്താൻ ചെറിയൊരു സഹായവും.പാവപ്പെട്ടതാണെങ്കിലും ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല.മടിച്ചു മടിച്ചാണെങ്കിലും വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,
അപമാനിക്കില്ല ,
സഹായം കിട്ടും എന്ന ധൈര്യമാണ് അവരുടെ കാലുകളെ അങ്ങോട്ടു നയിച്ചത്.
മടിച്ചു മടിച്ച് ആവശ്യം ഒരു വിധം പറഞ്ഞൊപ്പിച്ചു.ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ ലോകങ്ങളിലാണ്.ചിലർക്ക് ഒരു പുച്ഛം.ചിലർക്ക് ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ബുദ്ധിജീവികൾ അവരുടെ കഴിവു പ്രകടിപ്പിച്ചു.കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു ജീവിച്ചുകൂടേ , വീട്ടിൽ നിന്നും ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും കൂടുതൽ കേൾക്കാൻ നിൽക്കാതെ ആ സ്ത്രീ അവിടെ നിന്നും രക്ഷപ്പെട്ടു. സമയം കടന്നു പോകുകയാണ്.കുട്ടി കരച്ചിലോടെ കരച്ചിലും.
അവസാനം അവർ രണ്ടും കൽപ്പിച്ച് അടുത്തുകണ്ട കള്ളുഷാപ്പിനെ ലക്ഷ്യമാക്കി നടന്നു.കുടിച്ചു സമനില തെറ്റിയ ആളുകൾ , ഉടുത്ത മുണ്ടഴിച്ചു തലയിൽക്കെട്ടി നിക്കർമാത്രമിട്ടു നിന്ന് ആരോടൊക്കെയോ വെല്ലുവിളി നടത്തുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്ന്, ഉച്ചത്തിൽ എന്തൊക്കെയോ നാവു കുഴഞ്ഞു സംസാരിച്ച് കള്ളുമോന്തുന്ന മുഷിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ചവർ..
എന്താ പെങ്ങളെ പെങ്ങൾക്ക് കള്ളുഷാപ്പിൽ കാര്യം? ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ്.സ്ത്രീ പേടിച്ചു വിറച്ച് കാര്യം പറഞ്ഞു.
കൊമ്പൻ മീശക്കാരൻ്റെ ഭാവം മാറി. കണ്ണുകളിലെ രോഷം കാരുണ്യത്തിനു വഴിമാറി.കൊമ്പൻ മീശ പെങ്ങളുടെ സുരക്ഷാ കവചമായി.അയാൾ വിവരം ഉച്ചത്തിൽത്തന്നെ ഷാപ്പിലുള്ളവരുമായി പങ്കുവെച്ചു. (പങ്കുവെയ്ക്കലിൻ്റെ ഇടമാണല്ലോ അല്ലെങ്കിലും ഷാപ്പ് എന്ന് നിങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ) മുഷിഞ്ഞു നാറിയ പോക്കറ്റുകളിൽ നിന്ന് ചില്ലറത്തുട്ടുകളും , നോട്ടുകളും ഡസ്ക്കിൽ കൂട്ടംകൂടി.അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കുക മാത്രമല്ല, ബസ് സ്റ്റോപ്പുവരെ കൊമ്പൻ മീശക്കാരനടക്കം ഒന്നുരണ്ടു പേർ അനുഗമിക്കുകയും ചെയ്തു.ആ സ്ത്രീക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ് വന്നു നിന്നപ്പോൾ കണ്ടക്ടറോട് പറഞ്ഞ് ഉത്തരവാദിത്വപ്പെടുത്തി,വണ്ടിക് കൂലിക്കുള്ള കാശും നൽകി.കൂട്ടത്തിൽ ഒരുപദേശവും:
“പെങ്ങളേ ഇങ്ങനത്തെ ഒരാവശ്യമൊക്കെ വരുമ്പോൾ വല്ല സ്കൂളിലോ, സർക്കാരാപ്പിസിലോ ഒക്കെയേ ചെല്ലാവൂ, ഷാപ്പിലൊന്നും കേറരുത് , അതൊക്കെ മോശപ്പെട്ട സ്ഥലമാ” !!!
കുടിച്ച കള്ളിനാണെ സത്യം, ഇതൊരു കഥയാണ്; വായിച്ച് കമന്റ് ബോക്സിൽ വാളുവയ്ക്കരുത്.