NEWS
പത്തനംതിട്ടക്കാരുടെ “കൈ പൊള്ളിച്ച് ” മീൻ വില
പത്തനംതിട്ട: ഇറച്ചിക്കോഴിക്കു പിന്നാലെ മത്സ്യത്തിനും കൂടിയ വില നൽകേണ്ട ഗതികേടിലാണ് പത്തനംതിട്ട ജില്ലക്കാർ.രാസവസ്തുക്കൾ കലർന്ന മീനുകൾ കേരളത്തിൽ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയതോടെ എങ്ങുമില്ലാത്ത വിലയാണ് മീനിന് ഇപ്പോൾ പത്തനംതിട്ടയിൽ.ഇതോടെ കോഴി വിലയും ഉയർന്നിട്ടുണ്ട്.തൊണ്ണൂറ് രൂപയിൽ നിന്നും 135 ആയിരിക്കയാണ് ഇപ്പോൾ കോഴിയുടെ വില.
മീനുകളുടെ കാര്യവും വിത്യസ്തമല്ല. കേരളത്തിലെ ‘പരിശോധന’ മറയാക്കിയുള്ള നീക്കത്തിൽ ചില്ലറവിൽപനയിൽ കിലോഗ്രാമിനു മത്തിക്ക് മിക്കയിടത്തും 230-280ആണ്.കിളിമീന് 350-400 ആണ് ഇപ്പോഴത്തെ വില.നെയ്മീനിനു കിലോഗ്രാമിനു കുറഞ്ഞത് 700 രൂപയെങ്കിലും കൊടുക്കണമെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വലിയ അയല ചെറുകിട വ്യാപാരികൾ വിൽക്കുന്നത് കിലോ 260–280 രൂപയ്ക്കാണ്.ചെറിയ അയലയ്ക്ക് 160 രൂപ വരെ വിലയുണ്ട്.ചെമ്മീൻ ഒരു കിലോഗ്രാമിന് 350 രൂപയെങ്കിലും കൊടുക്കണം.മോദയ്ക്കും ചൂരയ്ക്കും 480 രൂപയാണ് കിലോയ്ക്ക്.
തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നായ നീണ്ടകരയിൽനിന്നാണ് ഇവിടേക്ക് കൂടുതലും മീനുകളെത്തുന്നത്.സമീപത്തുള്ള ശക്തികുളങ്ങര തുറമുഖത്തേയും കൂടി ചേർത്താണ് നീണ്ടകര തുറമുഖം എന്നു പൊതുവേ പറയുന്നത്.പത്തനംതിട്ടയിൽ നിന്നും വെറും എൺപത് കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്ക്.കുട്ടയ്ക്ക് ഇരുന്നൂറും മുന്നൂറും രൂപയ്ക്ക് ലേലം പിടിക്കുന്ന മീനുകളാണ് ഇത്രയും ദൂരം താണ്ടുമ്പോഴേക്കും കിലോയ്ക്ക് മുന്നൂറും നാന്നൂറുമൊക്കെയായി മാറുന്നത്.
കുമ്പഴയാണ് ഇവിടുത്തെ പ്രധാന മത്സ്യവിപണന കേന്ദമെങ്കിലും റാന്നിയിലും കോഴഞ്ചേരിയിലുമാണ് മീനുകൾക്ക് ഏറ്റവും അധികം വില ഈടാക്കുന്നത്.മീനുകൾക്ക് മാത്രമല്ല മാംസത്തിനും പച്ചക്കറികൾക്കുമൊക്കെ തോന്നിയപോലെയാണ് ഇവിടെ വിലകൾ.
നീണ്ടകരയ്ക്കു പുറമേ വിഴിഞ്ഞം, അഴീക്കൽ, ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മീനുകൾ ഇവിടേക്ക് എത്തുന്നുണ്ട്.ഇതിനു പുുറമെയാണ് തമിഴ്നാട്ടിൽ നിന്നും ഒഡീഷയിൽ നിന്നുമൊക്കെ വന്നിരുന്ന
മറുനാടൻ മത്സ്യങ്ങൾ.
രാസവസ്തുക്കൾ ചേർത്ത മീനുകളെ കണ്ടെത്താനുള്ള പരിശോധനയുടെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം കച്ചവടക്കാർക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.