ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്.
ഭൂമി തട്ടിപ്പു കേസില്‍ സദാനന്ദയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സദാനന്ദയുടെ ശരീരപ്രകൃതിയുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാള്‍ കര്‍ക്കള സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
സര്‍വേയറായി ജോലി ചെയ്യുന്ന സദാനന്ദ ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് വ്യജ ഭൂരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ക്കെതിരെ കര്‍ക്കള പൊലീസ് കേസെടുക്കുകയും സമൻസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.അറസ്റ്റ് ഭയന്നാണ് തന്റെ മരണം കെട്ടിച്ചമക്കാന്‍ സദാനന്ദ തീരുമാനിച്ചത്. സഹപ്രവര്‍ത്തകയായ ശില്‍പയുമായി ചേര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.