NEWSWorld

ദുബൈായിക്കാരുടെ സ്വന്തം ‘നോല്‍’ കാര്‍ഡ്; അറിയേണ്ടതെല്ലാം

ദുബൈ: ദുബൈയില്‍ ആദ്യമായി ബസിലോ, ട്രാമിലോ, മെട്രോയിലോ യാത്ര ചെയ്യുകയാണെങ്കില്‍ നോല്‍ കാര്‍ഡ് സ്വന്തമാക്കുകയാണ് ഏറ്റവും പ്രധാനം. ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകൃത പണമിടപാട് സംവിധാനമാണ് വിവിധ കാറ്റഗറികളിലുള്ള നോല്‍ കാര്‍ഡുകള്‍. അവയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

1. നോല്‍ റെഡ് ടിക്കറ്റ്

Signature-ad

ലളിതമായ പേപ്പര്‍ കാര്‍ഡാണിത്. രണ്ട് ദിര്‍ഹമാണ് വില. എന്നാല്‍ ഒരു സമയം ബസ്, മെട്രോ, ട്രാം ഇവയില്‍ ഏതെങ്കിലും ഒരു ഗതാഗത സംവിധാനം മാത്രമേ ഇതില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. 90 ദിവസത്തേക്കോ അല്ലെങ്കില്‍ 10 സിംഗിള്‍ ട്രിപ്പുകള്‍ക്കോ ഇത് ഉപയോഗിക്കാം. റെഡ് ടിക്കറ്റ് ലഭിക്കാന്‍ ഒരു രേഖയും നല്‍കേണ്ടതില്ല.

2. നോല്‍ സില്‍വര്‍ കാര്‍ഡ്

ഒരു തവണ 25 ദിര്‍ഹം നല്‍കി വാങ്ങുന്ന സില്‍വര്‍ കാര്‍ഡിന് അഞ്ച് വര്‍ഷമാണ് കാലാവധി. ഇതില്‍ 19 ദിര്‍ഹം, സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. വാട്ടര്‍ ടാക്സി ഉള്‍പ്പെടെ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ എല്ലാ സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.  പാര്‍ക്കിങ് പേയ്‍മെന്റിനും നോല്‍ കാര്‍ഡ് സ്വീകരിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമൊക്കെ ഇവ ഉപയോഗിക്കാനും സാധിക്കും.

3. ഗോള്‍ഡ് കാര്‍ഡ്

ദുബൈ മെട്രോയിലെയും ട്രാമിലെയും ഗോള്‍ഡ് ക്ലാസ് ക്യാബിനുകളില്‍ പ്രവേശനം ലഭിക്കുമെന്നതാണ് ഇവയുടെ സവിശേഷത. സില്‍വര്‍ കാര്‍ഡ് പോലെത്തന്നെ അഞ്ച് വര്‍ഷമാണ് കാലാവധി. 25 ദിര്‍ഹം നല്‍കി ഇവ വാങ്ങിയാല്‍ 19 ദിര്‍ഹം സേവനങ്ങള്‍ക്കായി ഉപയോഗിക്കാനാവും. സില്‍വര്‍ കാര്‍ഡ് പോലെ മറ്റ് പേയ്‍മെന്റുകളും സാധ്യമാവും. ഗോള്‍ഡ് കാര്‍ഡ് ലഭിക്കാനും പ്രത്യേക രേഖകളൊന്നും നല്‍കേണ്ടതില്ല.

4. ബ്ലൂ കാര്‍ഡ്

എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്‍ത കാര്‍ഡുകളാണിത്. ഇവ പ്രത്യേകം ആക്ടിവേറ്റ് ചെയ്യണം. ഫോട്ടോയും എമിറേറ്റ്സ് ഐഡിയും നല്‍കിയാണ് ബ്ലൂ കാര്‍ഡ് വാങ്ങേണ്ടത്. 70 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ 20 ദിര്‍ഹം ഉപയോഗിക്കാനാവും. ആര്‍ടിഎ വെബ്‍സൈറ്റിലൂടെ ഈ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും.

യാത്രാ ഇളവ്

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും മുതിര്‍ന്ന പൗരന്മാരും തങ്ങളുടെ യാത്രാ നിരക്കിലെ ഇളവ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബ്ലൂ കാര്‍ഡ് വാങ്ങണം.

എവിടെ നിന്ന് ലഭിക്കും?

കാര്‍ഡിന്റെ വിഭാഗം അനുസരിച്ച് മെട്രോ ടിക്കറ്റ് സ്റ്റേഷനുകളില്‍ നിന്നോ ടിക്കറ്റ് വെന്റിങ് മെഷീനുകളില്‍ നിന്നോ ആര്‍ടിഎ വെബ്‍സൈറ്റില്‍ നിന്നോ ലഭിക്കും.

നിരക്കുകള്‍

നോല്‍ കാര്‍ഡ് ലഭിച്ചാല്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാം. ഏത് ഗതാഗത സംവിധാനമാണെങ്കിലും യാത്ര ചെയ്യുന്ന ദൂരം കണക്കാക്കിയാണ് ചാര്‍ജ് ഈടാക്കുന്നത്. പൊതുഗതാഗത നെറ്റ്‍വര്‍ക്കിനെ ഏഴ് സോണുകളായാണ് ആര്‍.ടി.എ വിഭജിച്ചിരിക്കുന്നത്. ഒരു സോണിനുള്ളില്‍ ഏത് ഗതാഗത സംവിധാനങ്ങളിലേക്കും മാറി യാത്ര ചെയ്യാന്‍ സാധിക്കും. അവ ഒറ്റ ട്രിപ്പായി തന്നെ കണക്കാക്കും. എന്നാല്‍ ഈ മാറ്റം 30 മിനിറ്റിനുള്ളില്‍ ആയിരിക്കണം. 30 മിനിറ്റ് കഴിഞ്ഞാല്‍ ഇത് മറ്റൊരു ട്രിപ്പായി കണക്കാക്കി ചാര്‍ജ് ഈടാക്കും.

ഒരു സോണിനുള്ളില്‍ വിവിധ കാര്‍ഡുകള്‍ക്ക് മൂന്ന് ദിര്‍ഹം മുതല്‍ ആറ് ദിര്‍ഹം വരെയാണ് നിരക്ക്. അടുത്തടുത്തുള്ള രണ്ട് സോണുകളില്‍ അഞ്ച് മുതല്‍ 10 ദിര്‍ഹം വരെ നല്‍കണം. രണ്ട് സോണുകളില്‍ അധികമുള്ള യാത്രകള്‍ക്ക് 7.5 ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയായിരിക്കും ഈടാക്കുക.

Back to top button
error: