KeralaNEWS

മന്ത്രിയുടെ വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴി ദേശീയപാതയിലില്ല; റിയാസിന് മറുപടിയുമായി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളിലെ കുഴികള്‍ എണ്ണിനോക്കിയശേഷം ദേശീയപാതയിലേക്ക് നോക്കിയാല്‍ പോരെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മന്ത്രി റിയാസ് നിയമസഭയില്‍ നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്‌ക്കൊക്കെ റോഡ് മാര്‍ഗം സഞ്ചരിക്കണം. സാധാരണക്കാര്‍ എത്രമാത്രം ദുരിതം അനുഭവിച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്ന് അപ്പോള്‍ മനസിലാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനെക്കാള്‍ കുഴികള്‍ സംസ്ഥാനത്തെ ദേശീയ പാതയിലുണ്ടെന്നും പലതവണ ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും മുരളീധരന്‍ നടത്തിയില്ലെന്നും റിയാസ് നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലുള്ള ആള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നല്‍കി. എല്ലാവരും കൊതുകു കയറാതെ വാതിലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാന്‍ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങള്‍ കോവിഡ് കാലത്ത് നല്‍കി. അത് നിര്‍ത്തിയത് എപ്പോഴാണെന്ന് നമുക്കറിയാം- മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി. അദ്ദേഹം കേന്ദ്ര പദ്ധതികള്‍ നിരീക്ഷിക്കാന്‍ പോയതിനെ വിമര്‍ശിച്ചതുകൊണ്ട് നെഞ്ചിടിപ്പ് മാറില്ല. ഹൈക്കോടതി കേരളത്തിലെ പി.ഡബ്ല്യു.ഡി. റോഡുകള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലെ കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയുന്ന ശീലം തനിക്കില്ല. മാധ്യമങ്ങളെ ഇനിയും കാണും എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: