KeralaNEWS

മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ ബാലികയെ അപമാനിച്ച പോലീസുകാരിയില്‍നിന്ന് ഒന്നരലക്ഷം നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസുകാരിയെ
അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍നിന്ന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി ബാലികയ്ക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവ്. പെണ്‍കുട്ടിയെ അപമാനിച്ച രജിതയില്‍ നിന്ന് പണം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

വിവാദം ഇങ്ങനെ:

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ അച്ഛനും മകളും മോഷ്ടിച്ചുവെന്നായിരുന്നു രജിതയുടെ ആരോപണം. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടു. ഇതിനിടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ഇവരുടെ ബാഗില്‍ നിന്നാണ് മൊബൈല്‍ കിട്ടിയത്. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.

സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പിന്നീടാണ് ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപച്ചത്. ഉദ്യോഗസ്ഥയ്ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടി എടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഒപ്പം കേസില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 25000 രൂപ കോടതി ചെലവായും നല്‍കണമെന്നും പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Back to top button
error: