മക്ക: പുണ്യഭൂമിയിലെത്തി ഹജ്കര്‍മ്മം നിര്‍വഹിക്കാന്‍ 6500 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് അന്‍പത്തിരണ്ടുകാരന്‍. ഇറാഖി-കുര്‍ദിഷ് വംശജനും ബ്രിട്ടീഷ് പൗരനുമായ ആദം മുഹമ്മദ് ആണ് ഇംണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്ന് 6,500 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തിലെത്തിയത്.
നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ഓസ്ട്രിയ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ നടന്നാണ് ആദം മുഹമ്മദ് സൗദിയിലെത്തിയത്. 10 മാസവും 25 ദിവസവുമെടുത്താണ് 6,500 കിലോമീറ്റര്‍ താണ്ടിയത്. ദിവസവും ശരാശരി 17.8 കിലോമീറ്റര്‍ ആദം സഞ്ചരിച്ചു. 300 കിലോഗ്രാം ഭാരമുള്ള ഉന്തുവണ്ടിയില്‍ ഇസ്‌ലാമിക പാരായണങ്ങളും സ്വകാര്യ വസ്തുക്കളും സ്പീക്കറുകളും ഘടിപ്പിച്ചിരുന്നു യാത്ര. 2021 ഓഗസ്റ്റ് 1 ന് യുകെയില്‍ ആരംഭിച്ച യാത്ര കഴിഞ്ഞ മാസമാണ് സൗദി അറേബ്യയില്‍ അവസാനിച്ചത്. മിനയില്‍ എത്തിയ ആദം മുഹമ്മദിനെ ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയാണ് സ്വീകരിച്ചത്.
സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു കാല്‍നടയാത്രയുടെ ലക്ഷ്യമെന്ന് ആദം മുഹമ്മദ് പറഞ്ഞു. ഇതെല്ലാം ചെയ്യുന്നത് കേവലം പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല, മറിച്ച് ജാതി, വര്‍ണ്ണം, മതം എന്നിവ കണക്കിലെടുക്കാതെ മനുഷ്യര്‍ എല്ലാവരും തുല്യരാണെന്ന് ലോകത്തിന് ഉയര്‍ത്തിക്കാട്ടാനും ഇസ്ലാം പഠിപ്പിക്കുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും വേണ്ടിയാണെന്നും ആദം മുഹമ്മദ് പറഞ്ഞു. ഗോ ഫണ്ട് മീ പേജ് നിര്‍മിച്ചാണ് ആദം യാത്രാ ചെലവ് കണ്ടെത്തിയത്. തന്റെ യാത്ര ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ആദം മുഹമ്മദിന് അഞ്ച് ലക്ഷം ഫോളോവേഴ്‌സിനെയാണ് ടികേ്ടാക്കില്‍ ലഭിച്ചത്.