NEWS

മഴക്കാലമാണ്; കുട്ടികളെ ശ്രദ്ധിക്കണം

ഴക്കാലം രോഗങ്ങളുടെയും കാലമാണെന്ന് നമുക്കറിയാം.മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്.കുട്ടികൾക്ക് വളരെ പെട്ടെന്ന് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ എടുക്കേണ്ടത്.മഴക്കാലത്ത് രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വായിക്കാം.
മഴക്കാലത്ത് വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുക.
സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുക. കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി കൊടുക്കരുത്.
അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് തണുത്ത വെള്ളം കുടിക്കാൻ കൊടുക്കരുത്. മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാർഥങ്ങളും കൂടി ഉള്ളിൽ ചെന്നാൽ ഫാരിൻജൈറ്റിസ് പോലെയുള്ള തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും വരാം.
കുട്ടികൾക്ക് തുറന്ന വച്ച ഭക്ഷണങ്ങൾ നൽകാതിരിക്കുക. മഴക്കാലത്ത് ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികൾ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരം നൽകുന്നതിനു മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുട്ടികളെ  കുളിപ്പിക്കാവൂ. മഴ നനഞ്ഞ് സ്കൂളിൽ നിന്നും എത്തുന്ന  കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തോർത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം.
നനഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങൾ ഉപയോഗിക്കരുത്. വ‍ത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ, സോക്സ്,ഷൂസ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്തു കുട്ടികളുടെ പ്രതിരോധശേഷി ദുർബലമാവുകയും രോഗങ്ങൾ പെട്ടെന്ന് അവരെ ആക്രമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സീസണിൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ കുട്ടികളെ അഴുക്കിൽ നിന്ന് അകറ്റി നിർത്തുക.
മഴക്കാലത്ത് കൂളർ, എസി, ചെടിച്ചട്ടി എന്നിവയിൽ പലപ്പോഴും അഴുക്കു വെള്ളം അടിഞ്ഞുകൂടും. അതുകൊണ്ടാണ് ദിവസേന ഇവ വൃത്തിയാക്കാൻ ശ്രമിക്കുക.കൊതുകിനെ ഒഴിവാക്കാനും രോഗാണുക്കളെ അകറ്റുന്ന ദ്രാവകം ഉപയോഗിക്കാനും മറക്കണ്ട.വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

Back to top button
error: