തൃശൂര്‍: വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്.
കാക്കനാട് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. ഇന്നലെ ഉച്ചയ്ക്കു 12.10 ഓടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്.
കുടുംബാംഗങ്ങള്‍ എല്ലാവരുമൊത്ത് വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു യുവതി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങി.
വെള്ളം വാങ്ങി യുവതി തിരികെ എത്തും മുന്‍പേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനിടെ അച്ഛനും അമ്മയുമുള്ള കോച്ചിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ അനു കാല്‍തെന്നി ട്രാക്കിലേക്കു വീഴുകയായിരുന്നു. സഹോദരി: ലെന. സംസ്‌കാരം പിന്നീട്.