കൊച്ചിയിൽ ദലിത് യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനത്തെയും തുടർന്നെന്ന് ആരോപണം. ജൂൺ ഒന്നിന് മരിച്ച സംഗീതയുടെ മരണത്തിലാണ് ഭർത്താവ് തൃശൂർ സ്വദേശി സുമേഷിന്റെയും കുടുംബത്തിന്റെയും പങ്ക് ആരോപിക്കുന്നത്. പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കുന്നുവെന്നു സംഗീതയുടെ വീട്ടുകാർക്ക് പരാതിയുണ്ട്.
പ്രണയത്തിനൊടുവിൽ 2020 ഏപ്രിലിലാ സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുൻപേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഭർതൃവീട്ടിൽ കസേരയിൽ ഇരിക്കാൻ പോലും സംഗീതയ്ക്ക് അനുമതിയില്ല.
സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പരാതി നൽകിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തുങ്ങിമരിച്ചു. വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവെച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും നാൽപ്പത് ദിവസം പിന്നിടുമ്പോളും സുമേഷിനെ ഇതുവരെ പിടികൂടിയില്ല. പ്രതി ഒളിവില്ലെന്നും അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് വിശദീകരണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.