IndiaNEWS

ക്രിമിനലുകളെ ഇനി കാല്‍കുത്താന്‍ അനുവദിക്കില്ല; എഐ ഉള്‍പ്പെടുന്ന അത്യാധുനിക വീഡിയോ നിരീക്ഷണ സംവിധാനം സ്റ്റേഷനികളിലൊരുക്കാന്‍ റെയില്‍വേ

ദില്ലി: റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്. സ്ത്രീ സുരക്ഷ ഉള്‍പ്പെടെ ലക്ഷ്യമിട്ട്് രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) ആണ് റെയില്‍വേ മന്ത്രാലയം ഒരുക്കുന്നത്. നിര്‍ഭയ ഫണ്ടിന് കീഴില്‍ ഉള്‍പ്പെടുത്തി പദ്ധതിയുടെ പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനക്ഷമമാക്കിയ വീഡിയോ അനലിറ്റിക്സ് സോഫ്റ്റ്വെയറും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്വെയറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി നീരിക്ഷണ വിധേയമാകേണ്ട ക്രിമിനലുകള്‍ തുടങ്ങിയവര്‍ സ്റ്റേഷന്‍ പരിസരത്ത് കടക്കുമ്പോള്‍ തന്നെ അറിയാന്‍ കഴിയും. ഏത് വെബ് ബ്രൗസറില്‍ നിന്നും അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ ക്യാമറകള്‍, സെര്‍വറുകള്‍, യുപിഎസ്, സ്വിച്ചുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്വര്‍ക്ക് മാനേജ്മെന്റ് സിസ്റ്റവും (എന്‍എംഎസ്) മന്ത്രാലയം നല്‍കിയിട്ടുണ്ട്.

Signature-ad

റെയില്‍വേ പരിസരത്ത് പരമാവധി കവറേജ് ഉറപ്പാക്കാനായി ഡോം ടൈപ്പ്, ബുള്ളറ്റ് തരം, പാന്‍ ടില്‍റ്റ് സൂം തരം, അള്‍ട്രാ എച്ച്ഡി- 4കെ എന്നിങ്ങനെ നാല് തരം ഐപി ക്യാമറകളാണ് സ്ഥാപിക്കുന്നത്. സിസിടിവി ക്യാമറകളില്‍ നിന്നുള്ള വീഡിയോ ഫീഡുകളുടെ റെക്കോര്‍ഡിംഗ് 30 ദിവസത്തേക്ക് സൂക്ഷിക്കുകയും ചെയ്യും.

ഏറ്റവും ആധുനികമായ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും ഉപയോഗിച്ച് പദ്ധതി വേഗത്തില്‍ നടപ്പാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. സിസിടിവികള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ ആയിരിക്കും പ്രവര്‍ത്തിക്കുക. സിസിടിവി ക്യാമറകളുടെ വീഡിയോ ഫീഡ് ലോക്കല്‍ ആര്‍പിഎഫ് പോസ്റ്റുകള്‍ക്കു പുറമെ ഡിവിഷണല്‍, സോണല്‍ തലങ്ങളിലെ കേന്ദ്രീകൃത സിസിടിവി കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യമാകും.

ആദ്യഘട്ടത്തില്‍ 756 പ്രധാന സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. 2023 ജനുവരിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ബാക്കിയുള്ള സ്റ്റേഷനുകള്‍ പദ്ധതി നടപ്പാക്കലിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

‘ഗതാഗതത്തിന്റെ പ്രധാന കേന്ദ്രങ്ങളായ റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍, അതായത് വെയിറ്റിംഗ് ഹാളുകളില്‍, റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പാര്‍ക്കിംഗ് ഏരിയകള്‍, പ്രധാന കവാടം/ എക്‌സിറ്റ്, പ്ലാറ്റ്‌ഫോമുകള്‍, ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍, ബുക്കിംഗ് ഓഫീസുകള്‍ മുതലായ ഇടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.’- എന്ന് റെയില്‍വേ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന കേന്ദ്ര ഗവണ്‍മെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയില്‍ടെല്ലിനെയാണ് പദ്ധയിയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Back to top button
error: