അന്യനാട്ടുകളിൽ അഹോരാത്രം പ്രയത്നിക്കുന്ന മലയാളികളായ ആരോഗ്യ പ്രവർത്തകർക്ക് അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുന്നത് ആദ്യമല്ല. പക്ഷേ ഒരു രാജ്യം ചലച്ചിത്ര, സാമൂഹ്യ, സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾക്കു മാത്രം നൽകുന്ന അംഗീകാരം പ്രവർത്തന മികവിൻ്റെ പേരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കു നൽകുന്നത് ആദ്യമാണ്.
കോവിഡുകാലത്തെ സേവനം പരിഗണിച്ചാണ് മലയാളി ആരോഗ്യ പ്രവർത്തകയ്ക്ക് യു.എ.ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ നൽകിയത്
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മൻസിലിൽ പി.എ. അബ്ദുൽ സലീമിന്റെ മകളും അബുദാബിയിൽ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചത്.
പത്ത് വർഷമായി അബുദാബിയിൽ എൻ.എം.സി.റോയൽ വിമൻസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് നിയോ നെറ്റ്സ് മെഡിസിൻ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.