NEWS

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനോ?; സാധ്യത കൂടുതല്‍ റിഷിക്കെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വിവാദങ്ങളെത്തുടര്‍ന്ന് ബോറിസ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചതോടെ അടുത്ത പ്രധാനമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവം. ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടന്‍െ്‌റ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി റിഷി സുനക്കിനാണ് കൂടുതല്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ നിന്നാണ് റിഷി സുനക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. റിഷി സുനക് പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ഇദ്ദേഹം.

ബ്രിട്ടനില്‍ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. കൊവിഡ് പ്രതിസന്ധികാലത്ത് ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ റിഷി സുനക്കിന്റെ ജനപ്രീതിയുയര്‍ത്തി.

എന്നാല്‍ സര്‍ക്കാര്‍ വിവാദങ്ങളില്‍പെട്ടതോടെ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയറിയിച്ച് കഴിഞ്ഞ ദിവസം റിഷി രാജിവയ്ക്കുകയായിരുന്നു. ഇത് സര്‍ക്കാറിനെ വന്‍ പ്രതിസന്ധിയിലാക്കി. പിന്നാലെ പത്തോളം മന്ത്രിമാര്‍ രാജിവയ്ക്കുകയും സര്‍ക്കാര്‍ പ്രതിസന്ധിയിലായി, ഒടുവില്‍ രാജി വയ്‌ക്കേണ്ട അവസ്ഥയിലേക്ക് ബോറിസ് ജോണ്‍സണ്‍ എത്തുകയും ചെയ്തു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാളെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാന സ്ഥാനത്തേക്കു പരിഗണിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം.

ഒരു ഫാര്‍മസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണില്‍ സുനക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെവിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍. 2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു ഇദ്ദേഹം.

Back to top button
error: