NEWSWorld

ശക്തമായ മഴ: ഒമാനില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് പ്രവാസി മരിച്ചു; ജാഗ്രതയ്ക്ക് നിര്‍ദേശം

മസ്‌കത്ത്: ഒമാനില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട് പ്രവാസി മരിച്ചതായി റിപ്പോര്‍ട്ട്. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, വെള്ളക്കെട്ടില്‍ അകപ്പെട്ട് മരിച്ച പ്രവാസിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മസ്‌കത്ത് ഉള്‍പ്പെടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കുടുങ്ങി. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം വ്യാഴാഴ്ചയും വരും ദിവസങ്ങളിലും ഇടിയോടു കൂടിയ ശക്തമായ മഴ ഒമാനില്‍ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അടുത്ത രണ്ട് ദിവസങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും 24 മണിക്കൂറില്‍ 20 മുതല്‍ 80 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: