CrimeNEWS

പോക്‌സോ കേസ്: ശ്രീജിത്ത് രവിക്കെതിരേ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് മോഹന്‍ലാല്‍

കൊച്ചി: പോക്‌സോ കേസില്‍ പ്രതിയായ ശ്രീജിത്ത് രവിക്കെതിരേ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ അമ്മ. കേസിനെ ഗൗരവത്തോടെ കണ്ട് പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകള്‍.

കുട്ടികള്‍ക്ക് നേരേ നഗ്‌നത പ്രദര്‍ശനം നടത്തിയതിന് ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുന്‍പ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും പിറ്റേ ദിവസവും അതേ കുറ്റം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.

തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന്റെ സമീപത്തായിരുന്നു സംഭവം. കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ഈ വിവരം കുട്ടികള്‍ കുടുംബാംഗങ്ങളോട് തുറന്ന് പറയുകയായിരുന്നു.

പാര്‍ക്കിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഇയാള്‍. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ അരികിലൂടെ കടന്നുപോകവേ നഗ്‌നതാ പ്രദര്‍ശനം നടത്തിയശേഷം ഇവിടെ നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിനെ പിന്തുടര്‍ന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്.

കുട്ടികള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്. മുമ്പും സമാന കേസില്‍ ശ്രീജിത്ത് രവി പ്രതിയായിരുന്നു. 2017 ല്‍ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്.

Back to top button
error: