IndiaNEWS

അണ്ണാ ഡിഎംകെയിൽ പാളയത്തിൽ പട; പാർട്ടി പൊട്ടിത്തെറിയിലേക്ക്

ചെന്നൈ: സമീപകാല തമിഴക രാഷ്ട്രീയം കണ്ടിട്ടില്ലാത്ത പാളയത്തിൽ പടയാണ് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിൽ നടക്കുന്നത്. പ്രതിപക്ഷനേതാവ് ഇ. പളനിസ്വാമിയുടേയും പാർട്ടി കോ ഓഡിനേറ്റർ ഒ.പനീർ ശെൽവത്തിന്‍റേയും നേതൃത്വങ്ങളുടെ കീഴിൽ പ്രത്യക്ഷത്തിൽ തന്നെ രണ്ട് വ്യത്യസ്ത പാർട്ടികളെന്നോണമാണ് അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇരുനേതാക്കളും കണ്ടാൽ മിണ്ടാത്തവണ്ണം, പരസ്പരം മുഖത്തുനോക്കുന്ന അവസരങ്ങൾ ഒഴിവാക്കുംവിധം അകന്നുകഴിഞ്ഞു. ഇരുവരുടേയും അണികളാകട്ടെ, തെരുവിൽ തല്ലുന്നു.

ജൂൺ മാസം 23ന് ചെന്നൈയിലെ വാനഗരത്ത് നടന്ന പാർട്ടിയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ യോഗം ഇരുവിഭാഗങ്ങളുടേയും നേർക്കുനേർ പോരിൽ അലസിപ്പിരിയുകയായിരുന്നു. ഇപിഎസ് വിഭാഗം ജൂലൈ 11ന് വീണ്ടും ജനറൽ കൗൺസിൽ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനറൽ കൗൺസിൽ നിയമവിരുദ്ധമാണെന്ന് വരുത്താനും ജൂലൈ 11ന് നടക്കാനിരിക്കുന്ന ജനറൽ കൗൺസിൽ തടയാനുമുള്ള തന്ത്രങ്ങൾ മെനയുകയാണ് ഒപിഎസ് വിഭാഗം. ഏത് വിധേനയും പനീർശെൽവത്തെ നിഷ്പ്രഭനാക്കി പാർട്ടിയിൽ സമ്പൂർണാധിപത്യം സ്ഥാപിക്കാനാണ് പളനിസ്വാമി കോപ്പുകൂട്ടുന്നത്.

ജയലളിതയുടെ വിയോഗം വരെ കരുത്തുറ്റ സംഘടനയും അച്ചടക്കമുള്ള കേ‍ഡർ ഘടനയുമുള്ള പാർട്ടിയായിരുന്നു അണ്ണാ ഡിഎംകെ. ജയലളിതയുടെ അപ്രമാദിത്തത്തിന് കീഴെ പാർട്ടിയിൽ മറ്റൊരു അധികാരകേന്ദ്രം ഉണ്ടായിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളെല്ലാവരും പുരൈട്ചി തലൈവിയോടുള്ള ഭയഭക്തി ബഹുമാനങ്ങൾ പ്രകടിപ്പിക്കാനായിരുന്നു മത്സരിച്ചത്. കൂടുതൽ വിധേയരും വിശ്വസ്തരുമായവർക്ക് ജയലളിത പാർട്ടിയിലും പാർലമെന്‍ററി രംഗത്തും സ്ഥാനമാനങ്ങൾ നൽകി അനുഗ്രഹിച്ചു. രണ്ടാമതൊരു നേതൃനിരയില്ലാത്ത സംഘടനകൾക്കെല്ലാം സംഭവിക്കുന്ന ചരിത്രപരമായ പരിണാമഗുപ്തിയാണ് അണ്ണാ ഡിഎംകെയിലും സംഭവിക്കുന്നത്. പരമോന്നത നേതാവിന്‍റെ വിയോഗത്തോടെ സംഘടനാസംവിധാനം ചരടുപൊട്ടിയ മുത്തുമാല പോലെ ചിതറി. നേതൃനിരയിലെ പ്രമുഖരെല്ലാം സ്വന്തം അധികാരമുറപ്പിക്കാനും കൂടെയുള്ളവരുടെ കുതികാലുവെട്ടാനും ഒരുമിച്ച് പരിശ്രമിക്കുന്ന വിചിത്രമായ രാഷ്ട്രീയ സാഹചര്യം.

Back to top button
error: