KeralaNEWS

രാജ്യസഭാ പ്രവേശനത്തിന് മുമ്പെ റെയില്‍വെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് ഉഷ

പാലക്കാട്: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നതിന് തൊട്ടു മുമ്പ് റെയിൽവെയിലെ ഉദ്യോഗത്തില്‍ നിന്ന് സ്വയം വിരമിച്ച്(വിആര്‍എസ്) എടുത്ത് പി.ടി ഉഷ. റെയില്‍വെ സര്‍വീസില്‍ നിന്ന് വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് 58കാരിയായ ഉഷ വി ആർ എസ്. എടുത്ത് രാജ്യസഭയിലേക്ക് പോകുന്നത്.

പാലക്കാട് ഡിവിഷണൽ ഓഫീസിൽ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ.
ഡിവിഷണൽ റയിൽവെ മാനേജർ ത്രി ലോക് കോത്താരിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ  ഉഷയ്ക്ക് യാത്രയയപ്പ് നൽകി. 1986ലാണ് ഉഷ റെയിൽവെയിൽ നിയമിതയായത്.

ഇന്നലെ വൈകിട്ടാണ് ഉഷ അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഉഷക്ക് പുറമെ സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത്.

പുതുതായി രാജ്യസഭയിലേക്ക് എത്തുന്ന ഉഷ അടക്കമുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘‘പി.ടി.ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. അതിലുപരി വളർന്നുവരുന്ന കായികതാരങ്ങൾക്കായി വർഷങ്ങളായി ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിന് അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

‘‘ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇളയരാജയുടെ ഗാനങ്ങൾ. അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്. തീർത്തും ലളിതമായ സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്നാണ് അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. അദ്ദേഹത്തിന് രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിൽ സന്തോഷം’ – മോദി കുറിച്ചു.

Back to top button
error: