IndiaNEWS

ഉറക്കത്തില്‍ എഴുന്നേറ്റു നടന്ന യുവതി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 15 ലക്ഷം രൂപയുടെ സ്വര്‍ണം

വിഷാദരോഗവും ഉറക്കത്തില്‍ നടക്കുന്ന അവസ്ഥയുമുള്ള യുവതി ചവറ്റുകൊട്ടിയല്‍ കളഞ്ഞത് 15 ലക്ഷം രൂപ വിലമതിക്കുന്ന 43 പവന്‍ സ്വര്‍ണം. തമിഴ്നാട്ടിലെ കുണ്ടറത്തൂര്‍ മുരുകന്‍ കോവില്‍ റോഡിലുള്ള എ.ടി.എം കൗണ്ടറിലെ ചവറ്റുകൂനയിലാണ് യുവതി സ്വർണാഭരണങ്ങൾ ഉപേക്ഷിച്ച്‌ കളഞ്ഞത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. എ.ടി.എമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി സ്വര്‍ണാഭരണങ്ങള്‍ എടുത്തത്. എ.ടി.എം കൗണ്ടറിലെ ചവറ്റുകൂനയില്‍ ലെതര്‍ ബാഗ് കണ്ടതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പുലര്‍ച്ചെ എ.ടി.എമ്മില്‍ എത്തിയ യുവതി ചവറ്റുകൂനയില്‍ ബാഗ് ഉപേക്ഷിക്കുന്നത് കണ്ടത്. ഇതേ സമയത്തു തന്നെ 35 കാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനമ്മമാരും പൊലീസിനെ സമീപിച്ചിരുന്നു.

പുലര്‍ച്ച നാല് മണി മുതല്‍ മകളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ ഏഴ് മണിയോടെ മകള്‍ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ഇവർ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അച്ഛനമ്മമാരെ കാണിച്ചതോടെയാണ് ഇതേ യുവതിയാണെന്ന് തിരിച്ചറിയുന്നത്. ദൃശ്യങ്ങളില്‍ ചവറ്റുകൊട്ടയില്‍ സ്വര്‍ണം ഉപേക്ഷിക്കുന്നത് തങ്ങളുടെ മകളാണെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.

സ്വര്‍ണാഭരണങ്ങളുമായാണ് മകള്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പൊലീസ് പറഞ്ഞതനുസരിച്ച്‌ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ആഭരണങ്ങള്‍ ഇല്ലെന്ന് മനസ്സിലായത്. മകള്‍ക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്നും വിഷാദ രോഗത്തിന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലാണെന്നും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.
എ.ടി.എമ്മിലെ സുരക്ഷാ ജീവനക്കാരന്‍ കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നില്ലെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടുന്നത് പ്രയാസമാകുമായിരുന്നുവന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍ പൊലീസ് അച്ഛനമ്മമാർക്ക് തിരിച്ചു നല്‍കി.

Back to top button
error: