KeralaNEWS

തല്‍ക്കാലം രാജിയില്ല; തീരുമാനമെടുത്ത് സി.പി.എം. അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ്; എന്തിന് രാജി, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്ന് മന്ത്രി

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കില്ല. മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.

എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എന്‍.വാസവന് ഒപ്പമാണ് സജി ചെറിയാന്‍ എത്തിയത്. യോഗം തുടങ്ങുന്ന ഘട്ടത്തില്‍ സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്ന സജി ചെറിയാനെ പിന്നീട് അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

Signature-ad

മന്ത്രിയുടെ രാജി വേണ്ടെന്ന് സി.പി.എം. തീരുമാനിച്ചതോടെ ശക്തമായ സമരവുമായി പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്താനാണ് സാധ്യത. ഭരണ-നിയമ വിദഗ്ധര്‍ അടക്കം സജി ചെറിയാന്റെ പ്രസംഗത്തിനെതിരേ രംഗത്തെത്തിയിരുന്നു. മന്ത്രി രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്ധരുടെ നിലപാട്.

ഭരണഘടനക്കെതിരായ സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാവ് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സി പി എം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ തന്നെ രംഗത്തെത്തി.

നിയമസഭയില്‍ വിശദീകരണം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതില്‍ ഖേദവും ദുഖവും രേഖപ്പെടുത്തുവെന്നും മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു.

Back to top button
error: