ലഖ്നൗ: ഗര്‍ഭിണിയായ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. കൊല്ലപ്പെട്ട അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ വിദ്യാര്‍ഥി ആഗ്രഹിച്ചിട്ടും അധ്യാപിക കൂട്ടാക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ ഒന്നാം തീയതിയാണ് മുപ്പത്തഞ്ചുകാരിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
സംഭവം നടക്കുമ്പോള്‍ അധ്യാപിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവും സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ്. അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ മുഖമൊന്നും വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് പ്രതി ധരിച്ച ടീഷര്‍ട്ട് പോലീസ് ശ്രദ്ധിച്ചത്.
ടീഷര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള ബ്രാന്‍ഡ് നെയിം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. അയോധ്യ നഗരത്തില്‍ ഓണ്‍ലൈനില്‍നിന്ന് ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഡെലിവറി സര്‍വീസുകാരുടെയും സഹായത്തോടെയായിരുന്നു അന്വേഷണം. തുടര്‍ന്നു നടത്ത അന്വേഷണത്തിയാണ് പ്രതിയായ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
അധ്യാപികയുമായുള്ള പ്രണയവും ഈ ബന്ധത്തില്‍നിന്ന് തനിക്ക് പിന്മാറാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് വിദ്യാര്‍ഥിയുടെ മൊഴി. കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. അധ്യാപികയുമായി പ്രതി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഈ ബന്ധം ശരിയല്ലെന്നും പുറത്തറിഞ്ഞാല്‍ തനിക്ക് നാണക്കേടാവുമെന്നും വിദ്യാര്‍ഥിക്ക് തോന്നി. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അധ്യാപിക ഇതിന് സമ്മതിച്ചില്ല. ബന്ധം തുടരണമെന്ന് ഇവര്‍ നിര്‍ബന്ധംപിടിച്ചു. ഇതോടെയാണ് പ്രതി അധ്യാപികയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പോലീസ് പറഞ്ഞു.
ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി അധ്യാപികയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി ശരീരത്തില്‍ നിരവധി തവണ കുത്തി. സംഭവം കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമായി ചിത്രീകരിക്കാന്‍ വീട്ടില്‍നിന്ന് അമ്പതിനായിരം രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു. യുവതിയുടെ കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് ഇതെല്ലാം മോഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു.