KeralaNEWS

ഓഫീസ് ആക്രമിച്ചത് നിര്‍ഭാഗ്യകരം, നിരുത്തരവാദപരം; കുട്ടികള്‍ അനന്തരഫലം ചിന്തിച്ചിരിക്കില്ല, ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: കല്‍പറ്റയിലെ എം.പി. ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ അക്രമം നടത്തിയത്. ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ല. കുട്ടികളായതുകൊണ്ട് തന്നെ അവരോട് പരിഭവവും ദേഷ്യവുമില്ല.

കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അവര്‍ തിരിച്ചറിയണം. അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി പറഞ്ഞു. തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസില്‍ കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Back to top button
error: