NEWS

മാധ്യമങ്ങളുടെ ദുഷ്ടലാക്കും വ്യാജവാർത്തയും കെഎസ്ഇബി പൊളിച്ചടുക്കിയപ്പോൾ

വൈദ്യുതി നിരക്ക് താരതമ്യം ചെയ്യുന്ന പത്രവാർത്ത തെറ്റിദ്ധാരണാജനകം;ഇതാ കെഎസ്ഇബിയുടെ കണക്കുകൾ
കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് ‘500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ’ എന്ന ശീർഷകത്തിൽ  ഇക്കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണ്.
കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത്. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5080 രൂപയാണെന്ന് ആർക്കും വ്യക്തമാകും. പക്ഷെ, വാർത്തയിലെ കണക്കിൽ അത് കേവലം 2360 രൂപ മാത്രം!
കേരളത്തിലെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്ന പിശകുമുണ്ട്.
തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനുമുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.ഗവൺമെന്റിനെ താറടിച്ചു കാണിക്കുവാൻ വൈദ്യുതി ബോർഡിനെയും ട്രാൻസ്പോർട്ട് കോർപ്പറേഷനെയും പോലീസിനെതിരെയുമൊക്കെ നിരന്തരം വ്യാജ വാർത്തകളാണ് ഇവർ പ്രചരിപ്പിക്കുന്നത്.

Back to top button
error: