NEWS

കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്ര; മലപ്പുറത്ത് നിന്നും വെറും 174 രൂപയ്ക്ക് ഊട്ടി കാണാം

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ എങ്ങനെ പോകാം എന്നാണ് മിക്കവരും ആലോചിക്കുന്നത്… മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തും ഓഫറുകള്‍ ഉപയോഗിച്ചുമെല്ലാം നമ്മള്‍ പരമാവധി യാത്ര കുറഞ്ഞ ബജറ്റിലൊതുക്കുകയും ചെയ്യും. ഇതാ ഊട്ടിയിലേക്ക് പോകുന്നവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഒരു യാത്രയുണ്ട്. പോക്കറ്റ് കാലിയാകില്ല എന്നു മാത്രമല്ല, വ്യത്യസ്തമായ ഒരനുഭവം കൂടി നല്കുന്ന യാത്രയായിരിക്കും കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസിലുള്ള ഈ യാത്ര.
മലപ്പുറം-ഊട്ടി യാത്ര!!
മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഊട്ടി ട്രിപ്പിന് ടിക്കറ്റ് നിരക്ക് 174 രൂപയാണ്. ചെറുതായി വെയില്‍ കയറിവരുന്ന സമയാണല്ലോ എന്നോര്‍ത്ത് വിഷമിക്കേണ്ട… കുറച്ചങ്ങ് മുന്നോട്ടു പോയി നിലമ്പൂര്‍ എത്താറാകുമ്പോഴേയ്ക്കും പ്രതീക്ഷിക്കുന്ന വെയിലു മാറി തണുപ്പെത്തും. പിന്നെ വിശന്നു തുടങ്ങുമ്പോഴേയ്ക്കും വണ്ടി വഴിക്കടവ് പിടിച്ചിട്ടുണ്ടാവും… ആഘോഷമായി ഉച്ചഭക്ഷണം കഴിച്ച് കയറിയാല്‍ പിന്നെ നമ്മള്‍ പോലുമറിയാതെ ഊട്ടി യാത്രയുടെ മോഡിലേക്ക് മാറും.
സാധാരണ ഊട്ടിക്കാഴ്ചകളിലെ കാഴ്ചകളായ കാടും വെള്ളച്ചാട്ടങ്ങളും മലകളും കുന്നും കടന്ന് വണ്ടി മുന്നോട്ടു പോവുകയാണ്. പച്ചപ്പു നിറഞ്ഞുനില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ കാഴ്ചകളിലേക്കെത്തിയാല്‍ നാടുകാണിയായെന്ന് ഉറപ്പിക്കാം. ബസ് കുറച്ചു നേരം ഗൂഡല്ലൂര്‍ നിര്‍ത്തിയിടും. അവിടുന്ന് പിന്നെ ബസ് എടുക്കുമ്പോഴേയ്ക്കും ഊട്ടി ട്രിപ്പിന്റെ സ്ഥിരം ദൃശ്യങ്ങള്‍ റോഡിനിരുവശവും കാണാം. കാഴ്ചകളൊക്കെ കണ്ട് ഊട്ടിയിലെത്തുമ്പോള്‍ സമയം 4 മണിയോടടുക്കും.
പ്ലാന്‍ ചെയ്തുപോകാം
പ്ലാന്‍ ചെയ്തുപോയാല്‍ വെറുതെയോന്ന് ഊട്ടി കറങ്ങിവരുവാന്‍ പോകുന്നവര്‍ക്കും എങ്ങനെയെങ്കിലും പോക്കറ്റ് കാലിയാക്കാതെ ഊട്ടി കാണമെ‌ന്ന് ആഗ്രഹിക്കുന്നവര്‍ക്കും പറ്റിയ പാക്കേജാണിത്. വൈകിട്ട് ഊട്ടിയിലെത്തിയാല്‍ അവിടെ ഒരു മുറിയെടുത്ത് കാഴ്ചകള്‍ കാണാനിറങ്ങാം. 500 രൂപ മുതല്‍ ഇവിടെ മികച്ച റൂമുകള്‍ ലഭിക്കും. ബസ് നിര്‍ത്തുന്ന സ്റ്റാന്‍ഡിന് അടുത്തു തന്നെയാണ് ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, ഊട്ടി റെയിൽവേ സ്റ്റേഷന്‍ തുടങ്ങിയവ.
ഊട്ടിയിലെ സ്ഥലങ്ങളൊക്കെ കറങ്ങിത്തീര്‍ക്കുവാന്‍ ഒരു പകല്‍ മതിയാവും.കാണേണ്ട പ്രധാന ഇടങ്ങള്‍ മുന്‍കൂട്ടി കണ്ടുവെച്ചു പോയാല്‍ അതിലെ ആശങ്കകളും ഒഴിവാക്കാം. നമ്മള്‍ എത്തിയ ബസ് വൈകിട്ട് 4.40 ന് ഊട്ടിയില്‍ നിന്നും തിരികെ പുറപ്പെടും. രാത്രി പത്ത് മണിയോടെ മലപ്പുറത്ത് എത്തും. ബസ് ചാര്‍ജും താമസവും ഭക്ഷണവും അടക്കം പരമാവധി 2000 രൂപയ്ക്ക് യാത്ര തീര്‍ക്കുകയും ചെയ്യാം. ഊട്ടിയില്‍ ഒരു ദിവസം താമസിച്ച് കാണുന്നതിനാന്‍ അവിടുത്തെ രാത്രി ലൈഫ് ആസ്വദിക്കുകയും ചെയ്യാം.
ഒറ്റദിവസം കൊണ്ട് പോയിവരാം
ഒരു രാത്രി ഊട്ടിയില്‍ ചിലവഴിക്കുവാന്‍ താല്പര്യമില്ലാതെ ഒറ്റ പകല്‍ കൊണ്ട് പോയി വരാവുന്ന വിധത്തിലും പ്ലാന്‍ ചെയ്യാം. 11 മണിക്കു ഊട്ടിയിലേക്ക് പോകുന്ന ബസ് അതിനു മുന്‍പായി അതിരാവിലെ ഗൂഢല്ലൂരിന് സര്‍വ്വീസ് നടത്തുന്നുണ്ട്. പുലര്‍ച്ചെ 4 മണിക്ക് മലപ്പുറത്തു നിന്നും പുറപ്പെട്ട് ഏഴുമണിയോടെ ബസ് ഗൂഢല്ലൂരിലെത്തും. ഇങ്ങനെ പോയി ഗൂഢല്ലൂരില്‍ നിന്നും ഏഴുമണിയോടെ ഊട്ടിയിലേക്ക് ബസ് പിടിച്ചാല്‍ ഊട്ടിയിലെത്തി കാഴ്ചകള്‍ കണ്ട് വൈകിട്ടത്തെ ബസില്‍ മലപ്പുറത്തിനു തിരികെ പോവുകയും ചെയ്യാം.
ഊട്ടി ടൂര്‍ പാക്കേജ്
 
ഇത് കൂടാതെ അവധി ദിവസങ്ങളില്‍ മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് ഒറ്റ ദിവസത്തെ ബജറ്റ് യാത്രയും ഒരുക്കിയിട്ടുണ്ട്. അതിരാവിലെ നാല് മണിക്ക് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന യാത്ര മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടു കാണിച്ചുരം, ഗൂഡല്ലൂർ വഴി രാവിലെ 10ന് ഊട്ടിയിൽ എത്തും. ബസ് ചാര്‍ജ്, പോകുന്ന സ്ഥലങ്ങളിലെ പ്രവേശന ചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഒരാളില്‍ നിന്നും 750 രൂപ വീതമാണ് ഈടാക്കുന്നത്. നീഡിൽ വ്യൂ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ബോട്ട് ഹൗസ്, ചിൽഡ്രൻ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നീ സ്ഥലങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: