
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെയാകും ചര്‍ച്ച നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണത്തിനും അനുമതിയുണ്ട്.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.
ചട്ടം 51 പ്രകാരമായിരിക്കും ചര്‍ച്ച. വിഷയത്തിന്റെ വിവിധ വശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പരിഗണിക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. ആദ്യത്തേത് സില്‍വര്‍ ലൈനിലായിരുന്നു.
അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നത്
മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ ഡോളര്‍ കടത്ത് നടന്നു എന്ന് പ്രധാന പ്രതി മജിസ്‌ട്രേറ്റ് കോടിതയില്‍ സിആര്‍പിസി 164 പ്രകാരം മല്‍കിയ മൊഴിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരേയും ഉപയോഗിച്ചുകൊണ്ട് മൊഴി തിരുത്തിക്കാന്‍ നടത്തിയ ശ്രമം മൂലം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.






