കൊച്ചി :സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ പുതിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഢാലോചനയും കലാപശ്രമവും ആരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് ലഭിച്ചെന്നും അതില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു ആദ്യ കേസ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അഡ്വ. സി പി പ്രമോദ് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.
അതേസമയം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്.തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്നയോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഹാജരായില്ല. സാവകാശം തേടുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. ഒരാഴ്ച മുൻപാണ് നോട്ടീസ് നല്‍കിയത്.
ഇതിനിടെ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇരുപത്തൊമ്ബതിലേക്ക് മാറ്റി.