CrimeNEWS

ആൾക്കൂട്ട ആക്രമണം; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ മര്‍ദിച്ച സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.

എസ്.ഡി.പി.ഐ.യുടെ ഫ്‌ളെക്‌സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.

Signature-ad

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. റോഡില്‍വെച്ച് മര്‍ദിച്ച് അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയത്. ചില സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാന്‍ തയ്യാറാണെന്നും ചെളിയില്‍ മുക്കുന്നതിനിടെ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് തിരികെ റോഡിലെത്തിച്ച് കുറ്റസമ്മതംനടത്തുന്ന വീഡിയോ പകര്‍ത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവംനടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തിനുപിന്നിലെന്നും എസ്.ഡി.പി.ഐ. നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ജില്ലാനേതാവിന്റെതന്നെ ദൃശ്യങ്ങള്‍ പുറത്തുവന്നതും അറസ്റ്റ് നടന്നതും

ഇതിനിടെ എസ്.ഡി.പി.ഐ ബാലുശ്ശേരിയില്‍ നടത്താനിരുന്ന റാലിയ്ക്കും പൊതുസമ്മേളനത്തിനും പോലീസ് അനുമതി നല്‍കിയില്ല. ഉച്ചഭാഷിണി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Back to top button
error: