KeralaNEWS

ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

തൃശൂര്‍: ”ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ..” ഉള്‍പ്പെടെ നിരവധി ഭക്തിഗാനങ്ങള്‍ക്കു തൂലിക ചലിപ്പിച്ച സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) ഇനി ഓര്‍മ്മ. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45നായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തകന്‍, തായമ്പക വിദ്ഗധന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രസിദ്ധനാണ്. കവി, ഗാനരചയിതാവ്, കലാനിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ചൊവ്വല്ലൂര്‍ നാലോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമായ കൃഷ്ണന്‍കുട്ടി നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍.

Signature-ad

കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. 1936 സെപ്റ്റംബര്‍ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരില്‍ കൊടങ്ങല്ലൂര്‍ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂര്‍ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം.

1959-ല്‍ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവന്‍ പത്രത്തില്‍ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണന്‍കുട്ടിക്ക്, മുണ്ടശ്ശേരിയുടെയും എംആര്‍ബിയുടെയും ലേഖനങ്ങള്‍ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963-ല്‍ ഗുരുവായൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ല്‍ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്ററായി ചേര്‍ന്നു. 2004-ല്‍ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ പത്രപ്രവര്‍ത്തനം തുടര്‍ന്നു. ഇതിനിടയില്‍ രണ്ടുവര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.

തരംഗിണിക്കുവേണ്ടി ടീ.എസ്. രാധാകൃഷ്ണജിയുമൊത്ത് തയ്യാറാക്കിയ തുളസീതീര്‍ത്ഥം ഇതുവരെ ഇറങ്ങിയ ഭക്തി ഗാന ആല്‍ബങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ്. അതിലെ ‘ഒരു നേരമെങ്കിലും..’, ‘അഷ്ടമിരോഹിണിനാളിലെന്‍..’ അമ്പലപ്പുഴയിലെന്‍.. തുടങ്ങിയ ഗാനങ്ങള്‍ നിത്യഹരിതമാണ്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ”മരം” എന്ന സിനിമയിലുടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. തുലാവര്‍ഷം (1975), എന്ന സിനിമയിലെ ”സ്വപ്നാടനം ഞാന്‍ തുടരുന്നു” എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി.

സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കര്‍പ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലില്‍ ചൗധരി, കെ രാഘവന്‍, എന്നിവരുടെ കീഴില്‍ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

 

Back to top button
error: