NEWS

ഇസ്ലാം മതത്തിന്‍റെ ജന്മദേശം; സൗദി അറേബ്യയെ അടുത്തറിയാം

സ്ലാം മതത്തിന്‍റെ ജന്മദേശം… അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിയും പ്രകൃതിദൃശ്യങ്ങളും.ലോകത്തിലെ തന്നെ ഒന്നാംകിട നഗരങ്ങൾ… അങ്ങനെ ചരിത്രവും വിശേഷവും കാഴ്ചകളും ഒരുപാടുണ്ട് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയ്ക്ക്.ഭൂമിയിലെ 14-ാമത്തെ വലിയ രാജ്യമായ സൗദിയിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍.
ഇസ്‌ലാമിക ഭക്തിയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമാണ് സൗദി. വിശുദ്ധ ഖുറാനെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും ശരീഅത്ത് (ഇസ്ലാമിക നിയമം) നിയമവുമാണ് സൗദിയിൽ.
ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ ആരാധനാ കേന്ദ്രങ്ങളായാണ് മക്കയും മദീനയും അറിയപ്പെടുന്നത്. ഈ രണ്ടു നഗരങ്ങളും സൗദിയിലാണുള്ളത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം എന്നിങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ മക്കയിലുണ്ട്. കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌.
മക്ക കഴിഞ്ഞാല്‍ പ്രാധാന്യമുള്ള അടുത്ത വിശുദ്ധനഗരമാണ് മദീന. ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്.മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

മക്കയിലെ പോലെ തന്നെ ഇവിടെയും മുസ്‌ലിം വിശ്വാസികളല്ലാത്തവര്‍ക്ക് പ്രവേശന അനുമതിയില്ല.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ എണ്ണയുള്ളത് സൗദി അറേബ്യയിലാണ്.ലോകത്തിലെ പെട്രോളിയം കരുതൽ ശേഖരത്തിന്റെ 17% സൗദിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ മണൽ മരുഭൂമിയാണ് റബ്-അൽ ഖാലി. 650,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ഹോളണ്ട്, ബെൽജിയം, ഫ്രാൻസ് എന്നിവയെക്കാൾ വലുതാണ്.
നദിയില്ലാത്ത രാജ്യം എന്ന പ്രത്യേകതയും സൗദി അറേബ്യയ്ക്കുണ്ട്. രാജ്യത്തിന്റെ 95 ശതമാനത്തിലധികം ഭാഗം മരുഭൂമിയോ അർദ്ധ മരുഭൂമിയോ ആണ്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമുള്ളതും സൗദി അറോബ്യയിലാണ്-കിംഗ് ഖാലിദ് എയർപോർട്ട്. ഏകദേശം 300 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള 192,000 ഏക്കർ ഭൂമിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. എട്ട് എയ്‌റോ ബ്രിഡ്ജുകൾ വീതമുള്ള അഞ്ച് ടെർമിനലുകൾ, 11,600 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, വിഐപി അതിഥികൾ, രാഷ്ട്രത്തലവന്മാർ, സൗദി രാജകുടുംബം എന്നിവർക്കുള്ള രാജകീയ ടെർമിനൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സെൻട്രൽ കൺട്രോൾ ടവറുകളിൽ ഒന്ന്, 4,260 മീറ്റർ (13,980 അടി) നീളമുള്ള രണ്ട് സമാന്തര റൺവേകൾ, ഒരു പള്ളി എന്നിങ്ങനെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കിംഗ് ഖാലിദ് എയർപോർട്ട്.
സൗദി അറേബ്യയിലെ ആദ്യ യുനസ്കോ പൈതൃക സ്ഥാനമായാണ് ഹെഗ്ര എന്ന മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്. പുരാതന അറബ് ജനതയായിരുന്ന നബാറ്റിയന്‍സിന്‍റെ കാലത്തെ നിര്‍മ്മിതികളാണ് ഇവിടെയുള്ളത്. കാലത്തിന്റെ പോക്കില്‍ ഇവിടുത്തെ പലതും നശിച്ചുവെങ്കിലും കല്ലില്‍ നിര്‍മ്മിച്ച കുറേ ശവകു‌ടീരങ്ങളും കിണറുകളും ഇന്നും കാണാം. 2008 ലാണ് ഇവിടം യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടുന്നത്.

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് റിയാദിനടുത്ത് സ്ഥിതി ചെയ്യുന്ന എഡ്ജ് ഓഫ് ദ വേള്‍ഡ്.ജബൽ ഫിഹ്‌റൈൻ എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. 300 മീറ്റർ ഉയരമുള്ള പാറക്കെട്ടുകൾക്ക് മുകളിൽ ചക്രവാളത്തിന്റെ തടസ്സമില്ലാത്ത കാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണാം.

 

 

ഈജിപ്ത്, ജോർദാന്‍, ഇസ്രയേല്‍ എന്നീ മൂന്നു രാജ്യങ്ങള്‍ സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഹഖ്ൽ. വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ അഖബ ഉൾക്കടൽ തീരത്തോട് ചേര്‍ന്നാണ് ഇവിടമുള്ളത്. സീനായ് പർവതനിരകൾ അതിരിടുന്ന അഖബ ഉൾക്കടൽ കാഴ്ചകള്‍ ഇവിടെ നിന്നു കാണാം.

Back to top button
error: