വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ വിധി. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്നും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി വിധിച്ചു.
അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ 1973ലെ വിഖ്യാതമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗര്‍ഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വിയോജിച്ചു.
സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകള്‍ വിധിയെ വിശേഷിപ്പിച്ചു. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു.
വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വലതുപക്ഷ ഭരണത്തിലുള്ള മിസൗറിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തി. ഇതേ ചുവടുപിടിച്ച് അമ്പതോളം സംസ്ഥാനങ്ങളിലെങ്കിലും ഗര്‍ഭച്ഛിദ്രനിയന്ത്രണം ശക്തിപ്പെടുത്താനോ പൂര്‍ണമായി നിരോധിക്കാനോ സാധ്യതയുണ്ട്. ലോകത്ത് പലരാജ്യങ്ങളിലും നിയമങ്ങള്‍ ലഘൂകരിക്കുന്നതിനിടയിലാണ് യു.എസില്‍ ഇത്തരത്തില്‍ വിധിയുണ്ടായത്.
‘ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കന്‍ സ്ത്രീകള്‍ക്ക് വേണ്ടി ഞങ്ങള്‍ വിയോജിക്കുന്നു’- വിയോജിപ്പുള്ള ജസ്റ്റിസുമാരായ സ്റ്റീഫന്‍ ബ്രെയര്‍, സോണിയ സോട്ടോമേയര്‍, എലീന കഗന്‍ എന്നിവര്‍ പറഞ്ഞു. വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും രംഗത്തെത്തി. അമേരിക്കയെ 150 വര്‍ഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡന്‍ പ്രതികരിച്ചു.
അമേരിക്കക്ക് നിന്ന് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മുഖത്തേറ്റ് അടിയെന്നാണ് പ്രതിനിധിസഭാ അധ്യക്ഷ നാന്‍സി പെലോസി പറഞ്ഞത്. റിപ്പബ്ലിക്കന്‍ നിയന്ത്രിത സുപ്രീം കോടതി തീരുമാനങ്ങള്‍ എടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം കവര്‍ന്നെടുത്തെന്നും ഡൊണാള്‍ഡ് ട്രംപും മിച്ച് മക്കോണലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സുപ്രീം കോടതിയിലെ അവരുടെ സൂപ്പര്‍ ഭൂരിപക്ഷവും കാരണം അമേരിക്കന്‍ സ്ത്രീകള്‍ കഷ്ടത അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും വിധിയെ വിമര്‍ശിച്ചു.
അതേസമയം, മുന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഉള്‍പ്പെടെ ഒട്ടേറെ റിപ്പബ്ലിക്കന്മാര്‍ വിധിയെ സ്വാഗതംചെയ്തു. ദൈവത്തിന്റെ വിധിയെന്നാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ മൂന്നാമത്തെ പ്രധാന വിധിയാണ് സുപ്രീം കോടതി വിധിച്ചത്. നേരത്തെ മതസ്‌കൂളുകള്‍ക്ക് പൊതു ഫണ്ടിന് അര്‍ഹതയുണ്ടെന്നും ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിരുന്നു.