ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് സ്ഥാപനം. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് അതിലൊന്ന്.
ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തുന്നു. പിരിയഡ്‌സ് ട്രാക്കര്‍.
സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന ഈ പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ‘പിരിയഡ്‌സ് ട്രാക്കര്‍’ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
+919718866644 എന്ന നമ്പറില്‍ വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി. അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് ട്രാക്ക് മൈ പിരീഡ്‌സ്, കസ്റ്റമർ സപ്പോർട്ട് എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ ട്രാക്ക് മൈ പിരീഡ്‌സ് തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന അടുത്ത ചോദ്യം വരും. ഇതിന് ട്രാക്ക് പിരീഡ്‌സ്, കൺസീവ്, അവോയ്ഡ് പ്രഗ്നൻസി എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.
ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാന്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രെഗ്നന്‍സി എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആര്‍ത്തവ തീയതിയും മറ്റ് വിവരങ്ങളും നല്‍കണം. ഇവ കൃത്യമായി നല്‍കിയാലെ ചാറ്റ്‌ബോട്ട് കൃത്യമായ തീയതികള്‍ നല്‍കുകയുള്ളൂ. നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.
വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയില്‍ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.