ന്യൂഡല്‍ഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഡിഎച്ച്എഫ്എലിനെതിരേ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കാനറാബാങ്ക്- 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്- 3802 കോടി തുടങ്ങി 17 ബാങ്കുകളില്‍നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സിബിഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായി ആയിരുന്നു പരാതി.
രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും സിബിഐയുടെ എഫ്ഐആറില്‍ പറയുന്നു. ഇതിനു മുന്‍പ് സിബിഐ അന്വേഷിച്ച രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് എബിജി ഷിപ്പ് യാര്‍ഡ് കേസ് ആണ്. 23,000 കോടി രൂപയുടേതായിരുന്നു ഈ തട്ടിപ്പ് കേസ്.