LIFEMovie

ബി.എം.ഡബ്ല്യു സൂപ്പര്‍ ബൈക്കില്‍ ‘തല’ കറങ്ങുന്നു; യൂറോപ്പിലെ ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: തല എന്നു തമിഴ്‌നാട്ടുകാര്‍ ആരാധനയോടെ വിളിക്കുന്ന സൂപ്പര്‍താരം അജിത്തിന് സ്ിനിമയോടുള്ള സ്‌നേഹം സൂപ്പര്‍ ബൈക്കുകളോടുമുണ്ട്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സാഹസിക ബൈക്ക് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്ന അജിത്തിനെ ആരാധകര്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ യൂറോപ്പിലൂടെ ബി.എം.ഡബ്ല്യു ആര്‍ 1200 ആര്‍.ടി എന്ന സൂപ്പര്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന തലയുടെ ചിത്രങ്ങള്‍ കണ്ട ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

യാത്രയോടും വാഹനങ്ങളോടുമുള്ള അജിത്തിന്റെ പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ ‘തല’യുടെ സൂപ്പര്‍ബൈക്ക് സഞ്ചാരം. ഇരുപത് ലക്ഷത്തോളമാണ് ഈ സൂപ്പര്‍ബൈക്കിന്റെ വില. എത്ര തിരക്കിനിടയിലും സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് അജിത്തിനെ മറ്റുള്ളവരില്‍ വൃത്യസ്തനാക്കുന്നത്.

യാത്രയില്‍ അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ധരിച്ച് വന്‍ ലുക്കിലാണ് അജിത്ത്. ബൈക്കിനോടൊപ്പമുള്ളതും യു.കെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് വെങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെയും ഇത്തരത്തില്‍ ലോക സഞ്ചാരം നടത്തി അജിത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2021 ല്‍ റഷ്യയില്‍ 5000 ലേറെ കിലോമീറ്ററാണ് താരം ബൈക്ക് സഞ്ചാരം നടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും അജിത്ത് തന്റെ സൂപ്പര്‍ ബൈക്കില്‍ യാത്ര നടത്തിയിരുന്നു. തന്റെ പാഷനെ പിന്തുടരുന്നതില്‍ ഒരിക്കലും പരാജയപ്പെടാത്ത താരം എന്നാണ് അജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ചിലര്‍ കുറിച്ചത്.

Back to top button
error: