CrimeNEWS

64000 രൂപയ്ക്ക് വേണ്ടി ക്രൂരമായി തല്ലിച്ചതച്ച് മരണത്തിലേയ്ക്കു തള്ളി വിട്ടു. മുജീബ് റഹ്മാനെ ആത്മഹത്യക്കു നയിച്ചത് പൈശാചിക കൃത്യങ്ങൾ, സുലു ടെക്സ്റ്റൈൽ ഉടമ ഷഹദ് ഉൾപ്പടെ12 പേർ അറസ്റ്റിൽ

 

നിലമ്പൂർ: മമ്പാട് ടൗണിലെ സുലു ടെക്സ്റ്റൈൽസ് ഗോഡൗണിൽ പുലിക്കോട്ടിൽ മുജീബ് റഹ്മാൻ്റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ. ടെക്സ്റ്റൈൽസ് ഉടമയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ മൂലത്ത് അബ്ദുൽ ഷഹദ് (23) നടുവൻ തൊടിക ഫാസിൽ (23) കൊല്ലേരി മുഹമ്മദ് മിശാൽ (22)ചിറക്കൽ മുഹമ്മദ് റാഫി (23) പയ്യൻ ഷക്കീബ് (28) ചുണ്ടമ്പുറത്ത് ഷബീറലി (23) മേച്ചേരി മുഹമ്മദ് റാഫി (27) അമ്പൻകുന്നൻ മർവാൻ (23) വള്ളിപ്പാടൻ അബ്ദുൽഅലി (36) പൂത്തലത്ത് ജാഫർ (26) മഞ്ചേരിയിലെ വാടക സ്റ്റോർ ഉടമ ഉടമ പെരുമ്പള്ളി കുഞ്ഞഹമ്മദ് (56) ഇയാളുടെ മകൻ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്.

Signature-ad

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്രൂരമായ ശാരീരിക പീഡനത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് മുജീബ്റഹ്മാൻ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് അറസ്റ്റ്. പ്രതിയായ അബ്ദുൽ ഷഹദിൻ്റെ ഹാർഡ് വെയേഴ്സ് നിന്ന് കടമായി വാങ്ങിയ സാധനങ്ങളുടെ പണം നൽകാത്തതിനായിരുന്നു ക്രൂരമർദ്ദനം. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട് ഒളിവിൽപോയ ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

മുജീബ് സ്വയം ജീവനൊടുക്കിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോഴും അതിലേക്ക് നയിച്ചത് പ്രതികളുടെ ക്രൂര മർദ്ദനം ആണ്.
സംഭവത്തെ പറ്റി പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ:

മുജീബ് റഹ്മാനെ പ്രതികൾ തട്ടികൊണ്ടുവന്നത് 64000 രൂപ തിരിച്ചു കിട്ടാൻ വേണ്ടിയാണ്. തട്ടികൊണ്ടുപോകാന്‍ സഹായം ചെയ്തവര്‍ക്ക് പ്രതിഫലമായി പതിനായിരം രൂപ കൂലി വാഗ്ദാനവും നൽകി. കരാര്‍ അടിസ്ഥാനത്തില്‍ ജോലികൾ ചെയ്തു കൊടുക്കുന്നയാളാണ് മുജീബ് റഹ്മാന്‍. രണ്ടുമാസം മുന്‍പ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരിയിലെ ഹാര്‍ഡ് വേഴ്‌സില്‍ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങള്‍ കടമായി വാങ്ങിയിരുന്നു.

പക്ഷേ പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിപ്പോയി. തുടര്‍ന്ന് ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടി കൊണ്ടു വരാന്‍ പദ്ധതി തയ്യാറാക്കി. ഇതിനായി മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുള്‍ അലിയുടേയും, ജാഫറിന്റേയും സഹായം തേടി. ഇവര്‍ക്ക് 10000 രൂപയും പ്രതിഫലവും ഷഹദ് വാഗ്ദാനം ചെയ്തു. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു.

ഷഹദിൻ്റെ നിർദ്ദേശ പ്രകാരം അബ്ദുള്‍ അലി ജാഫറിനേയും കൂട്ടി മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ചു. തുർന്ന് വാക്കു തര്‍ക്കവും ഉന്തും തള്ളും നടന്നു. അവിടുന്ന് പിൻവാങ്ങിയ അബ്ദുള്‍ അലിയും ജാഫറും മഞ്ചേരിയില്‍ എത്തി ഷഹദിനേയും മഞ്ചേരിയില്‍ വാടക സ്റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനേയും മകന്‍ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി.

കുഞ്ഞഹമ്മദിൻ്റെ കടയില്‍ നിന്നും വാടകക്കെടുത്ത സാധനങ്ങള്‍ തിരിച്ചു കൊടുക്കാത്തതിനാല്‍ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറില്‍ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാന്‍ പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികള്‍ മുജീബിനെ ബലമായി കാറില്‍ കയറ്റി തട്ടി കൊണ്ടു വരികയും കാരക്കുന്ന് ഹാജ്യാര്‍ പള്ളിക്കടുത്തുള്ള വിജനമായ ഗ്രൗണ്ടിലെത്തിച്ച് കൈകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികള്‍ മര്‍ദ്ദനം തുടർന്നു. നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണി തിരുകിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ ഫോട്ടോ പ്രതികള്‍ മുജീബിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേര്‍ന്നുള്ള ഗോഡൌണില്‍ എത്തിക്കാന്‍ തീരുമാനിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ കാറില്‍ മുജീബിനെ മമ്പാട് ഉള്ള ഗോഡൗണില്‍ എത്തിച്ചു. കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് വീണ്ടും മര്‍ദ്ദനം തുടർന്നു. രാവിലെ ടൗണില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രതികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. തുടർന്ന് അവർ മുജീബിനെ റൂമില്‍ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിന്റെ സ്‌ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്.

തുടര്‍ന്ന് വീട്ടില്‍ പോയ പ്രതികള്‍ രാവിലെ 10മണിയോടെ തിരിച്ചെത്തി ഗോഡൗണ്‍ തുറന്നുനോക്കിയപ്പോള്‍ മുജീബ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഗോഡൗണിലെ തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

മരണപ്പെട്ട മുജീബിന് ക്രൂരമായി മര്‍ദ്ധനമേറ്റിട്ടുണ്ട്. തല മുതല്‍ കാല്‍പാദം വരെ മര്‍ദ്ധനമേറ്റ മുറിവേറ്റ പാടുണ്ട്. ദേഹമാസകലം വടി കൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. അറസ്റ്റിലായവർക്ക് എതിരെ സംഘം ചേർന്ന് തട്ടി കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് മർദ്ദനം , ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത ചിലർ ഒളിവിൽ ഉണ്ടെന്നും ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും നിലമ്പൂർ പോലീസ് വ്യക്തമാക്കി.

Back to top button
error: