NEWS

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുര്‍മു

ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു.നേരത്തെ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തിരഞ്ഞെടുത്തിരുന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദ്രൗപതി മുര്‍മു തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി.
 
ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡാണ് ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ആരാണ് ദ്രൗപതി മുര്‍മു?
ഒഡീഷ സ്വദേശിയായ ദ്രൗപതി മുര്‍മു 1958 ജൂണ്‍ 20ന് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ജനിച്ചത്. 2000 മുതല്‍ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 മാര്‍ച്ച്‌ ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുര്‍മു റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഓണററി അസിസ്റ്റന്റ് ടീച്ചറായും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു.

കൗണ്‍സിലറായാണ് ദ്രൗപതി മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്‌സണായി പിന്നീട് മാറി. 2013ല്‍ എസ്ടി മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി അവര്‍ ഉയര്‍ന്നു. 2002 മുതല്‍ 2009 വരെയും 2013-ലും മയൂര്‍ഭഞ്ജിന്റെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു.

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ആര്‍ട്‌സ് ബിരുദധാരിയായ അവര്‍ രണ്ട് പതിറ്റാണ്ടോളം രാഷ്ട്രീയത്തിലും സാമൂഹിക സേവനത്തിലും ചെലവഴിച്ചു. ഒഡീഷ നിയമസഭയില്‍ നിന്ന് മികച്ച നിയമസഭാംഗത്തിനുള്ള നീല്‍കണ്ഠ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

2000-ല്‍ ജാര്‍ഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വര്‍ഷത്തെ കാലാവധി (2015-2021) പൂര്‍ത്തിയാക്കിയ ആദ്യ ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. സന്താള്‍ വശജയാണ് ദ്രൗപദി.

 

 

 

ശ്യാം ചരണ്‍ മുര്‍മു എന്നയാളെയാണ് ദ്രൗപതി മുര്‍മു വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും വിയോഗം ഇവരെ ഏറെ തളര്‍ത്തി. എന്നാല്‍ പ്രതിസന്ധികളോട് പൊരുതാനായിരുന്നു ദ്രൗപതിയുടെ തീരുമാനം. ആ നിശ്ചയദാര്‍ഢ്യമാണ് അവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നതിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: