കോട്ടയം: അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് എരുമേലി ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ വീട്ടിൽ ആഹ്ലാദം അലതല്ലുകയാണ്. ഡൽഹിയിൽ വച്ച് നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കൊച്ചുതുണ്ടിയിൽ രാജേഷ്, രാജി ദമ്പതികളുടെ മൂത്ത മകൾ രേവതി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ വാർത്ത ആ വീട്ടിൽ മാത്രമല്ല നാട്ടിലാകെ സന്തോഷം പരത്തി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും 16 കുട്ടികൾ വീതം 4 വിഭാഗത്തിലായാണ് മത്സരം നടന്നത്. അതിൽ 14-16 വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കും,12-14 വിഭാഗത്തിൽ പെട്ട ആൺകുട്ടികൾക്കു മാണ് ഗോൾഡ് മെഡൽ ലഭിച്ചത്.
5 വർഷമായുള്ള അതീവ പരിശ്രമത്തിൻ്റെ ഫലമാണ് രേവതിയുടെ ഈ നേട്ടമെന്ന് എരുമേലി വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് രാജശ്രീ പറഞ്ഞു. അദ്ധ്യാപിക ഒരു യോഗാസനം കൊടുത്താൽ ഉറച്ച ലക്ഷ്യബോധത്തോടെയാണ് രേവതി ചെയ്യാൻ ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
ഇന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഭാഗമായി വിപുലമായ ചടങ്ങുകൾ നടന്നു. കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ യോഗ അഭ്യാസത്തിനു നേതൃത്വം നൽകിയത്.15,000 പേർ പങ്കെടുത്തു എന്ന് സംഘാടകർ അറിയിച്ചു. എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി രാജ്യത്ത് 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു.