KeralaNEWS

ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത: വേഗം 80 കിലോമീറ്ററാകുമോ ? ഇന്നറിയാം

കോട്ടയം: ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാതയില്‍ വേഗം 80 കിലോമീറ്ററാകുമോ, ഇന്നു നടക്കുന്ന വേഗപരിശോധനയില്‍ ഉത്തരമറിയാം. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ മാസം അവസാനം ഇരട്ടപ്പാത തുറന്നിരുന്നുവെങ്കിലും വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തിയിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു അന്നു വേഗം 50 കിലോമീറ്ററായി നിശ്ചയിക്കാന്‍ കാരണം.

എന്നാല്‍,19 കിലോമീറ്റര്‍ വരുന്ന ഏറ്റുമാനൂര്‍ -ചിങ്ങവനം റൂട്ടില്‍ വേഗത്തില്‍ നിയന്ത്രണമുള്ളതിനാല്‍ പാത ഇരട്ടിപ്പിക്കലിന്റെ പ്രയോജനം യാത്രക്കാര്‍ക്കു ലഭിച്ചിരുന്നില്ല. ഇതിനൊപ്പം കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ നവീകരണ ജോലികളും സമയം െവെകാന്‍ കാരണമായിരുന്നു. നവീകരണത്തിനൊടുവില്‍ കഴിഞ്ഞയാഴ്ച ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം തുറന്നു കൊടുത്തിരുന്നു.

ഇന്നു രാവിലെ പാതയില്‍ വേഗ പരിശോധന നടക്കുമെന്നാണു അധികൃതര്‍ നല്‍കുന്ന സൂചന. ഒരു എന്‍ജിന്‍, ഒരു സ്ലീപ്പര്‍ കോച്ച്, ഒരു തേഡ് എ.സി. കോച്ച് എന്നിവ അടങ്ങുന്ന റേക്ക് ഉപയോഗിച്ചാണു പരിശോധന. കുറുപ്പന്തറ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടു ചിങ്ങവനത്തു യാത്ര അവസാനിപ്പിക്കും വിധമാണു പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ഇരട്ടപ്പാത കമ്മീഷനിങ്ങിന്റെ ഭാഗമായി കമ്മീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ നാഗമ്പടം മുതല്‍ മുട്ടമ്പലം വരെ പരിശോധന നടത്തിയിരുന്നില്ല.

ഇവിടം കൂടി ഉള്‍പ്പെടുത്തിയാകും ഇന്നു പരിശോധന. പരിശോധനയ്‌ക്കൊടുവില്‍ 80 കിലോമീറ്റര്‍ വേഗത്തിന് അനുമതി നല്‍കിയാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രാ സമയത്തില്‍ വന്‍ കുറവുണ്ടാകും. നിലവില്‍, പാത ഇരട്ടിപ്പിക്കലിനു ശേഷവും വണ്ടികളിലേറെയും പതിവു പോലെ െവെകിയാണ് ഓടുന്നത്. കോട്ടയത്തു നിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തില്‍ മാത്രമാണു നേരിയ വ്യത്യാസം ഉണ്ടായിരിക്കുന്നത്.

 

Back to top button
error: