ബെഗളൂരു: വെളുക്കാൻ തേച്ചത് പാണ്ടായെന്നു പറഞ്ഞതു പോലെയായി കന്നഡ നടി സ്വാതി സതീഷിൻ്റെ അവസ്ഥ. പല്ലുകളുടെ സൗന്ദര്യം നിലനിർത്താൻ വേണ്ടി റൂട്ട് കനാലിനു വിധേയയായ സ്വാതി മുഖം വികൃതമായി കണ്ടാൽ തിരിച്ചറിയാത്ത നിലയിലാണിപ്പോൾ. ചികിത്സയിൽ സംഭവിച്ച ഗുരുതര പിഴവ്മൂലം മുഖം നീരുവന്ന് സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് സ്വാതി. സ്വകാര്യ ആശുപത്രിയിലാണ് നടി റൂട്ട് കനാൽ ചികിത്സ തേടിയത്.
റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടിയുടെ മുഖത്ത് വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. ചികില്‍സ സംബന്ധിച്ച് അപൂര്‍ണ്ണമായ വിവരങ്ങളും, തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി പറയുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഭേദമാകുമെന്നാണ് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന്, നടി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.
ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്ന് നടി പറയുന്നു. തുടര്‍ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും താരം ആരോപിച്ചു. തമിഴിലെ ‘എഫ്.ഐ.ആര്‍’, കന്നഡത്തിലെ ‘6 ടു 6’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സ്വാതി.