NEWS

അഗ്നിപഥിനെതിരായുള്ള പ്രക്ഷോഭം;മൗനത്തിലാണ്ട് ബിജെപി

ന്യൂഡൽഹി :അഗ്നിപഥിനെതിരായുള്ള പ്രക്ഷോഭത്തിൽ
റെയില്‍വേ സ്റ്റേഷനുകളും പോലീസ് സ്റ്റേഷനുകളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്യുമ്പോൾ മൗനത്തിലാണ്ട് ബിജെപി.
പ്രക്ഷോഭകര്‍ക്കെതിരെ ഗോലിമാരോ വിളികളില്ല, സമരം കഴിഞ്ഞ് തിരിച്ചുപോകുന്നതിന്റെ പിറ്റേദിവസം വീടുകളിലേക്ക് ബുള്‍ഡോസര്‍ വരുമെന്ന് ബുള്‍ഡോസര്‍ ബാബമാര്‍ ആക്രോശിക്കുന്നില്ല, സമരക്കാരെ വേഷം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി പറയുന്നതുമില്ല-എല്ലാവരും മൗനത്തിലാണ്.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള സമരം എങ്ങനെയാണ് തങ്ങളെ ബാധിക്കാന്‍ പോകുന്നതെന്ന് ബി ജെ പി നേതാക്കള്‍ക്ക് ഇപ്പോഴേ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്.യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും സേന യുവത്വവത്കരിക്കാനുമെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ അഗ്നിവീരന്‍മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും 17.5 മുതല്‍ 21 വരെ വയസ്സ് പ്രായമുള്ളവര്‍ക്കാണ് അഗ്നിപഥില്‍ ചേരാനുള്ള യോഗ്യതയുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇവർ സൈന്യത്തിലെ കരാര്‍ തൊഴിലാളികൾ മാത്രമാണ്.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അഗ്നിപഥ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ച്‌, നാല് വര്‍ഷക്കാലയളവിലേക്ക് മാത്രമായി സൈനിക സേവനത്തിന് ചേരാനുള്ള പദ്ധതിയാണ് അഗ്നിപഥ് എന്നറിഞ്ഞതോടെയാണ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുമില്ല.
പ്രഖ്യാപനം കഴിഞ്ഞ തൊട്ടുപിറ്റേന്നു തന്നെ ബിഹാറില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം പ്രക്ഷോഭമായും കലാപമായും പരിണമിച്ചു.ബിഹാറില്‍ നിന്ന് യു പി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ജമ്മു, തെലങ്കാന, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു.പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം തീക്കളിയായി മാറി.
പ്രതിഷേധങ്ങള്‍ പ്രധാനമായും ഉയര്‍ന്ന ബിഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.ഇതാണ് കേന്ദ്ര സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മോദിയെ അധികാരത്തിലേറ്റാന്‍ പ്രധാനമായും സഹായിച്ച സംസ്ഥാനങ്ങള്‍ കൂടിയാണിവ.ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പ്രതിഷേധങ്ങളെ കരുതലോടെ കൈകാര്യം ചെയ്യാനാണ് ബി ജെ പി തീരുമാനം.പ്രതിഷേധങ്ങള്‍ അക്രമാസക്തമായിട്ടും പ്രക്ഷോഭകരെ തള്ളിപ്പറയാനോ ശക്തമായ നടപടികളിലേക്ക് കടക്കാനോ തയ്യാറാകാത്തതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.ഒരു ബി ജെ പി നേതാവും ഈ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വിവാദപരമായ ഒരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തങ്ങള്‍ ഇത്രകാലം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്ന “രാജ്യസുരക്ഷ’ എന്ന അണുവായുധം തങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുന്ന സാഹചര്യമുണ്ടാക്കുമെന്ന തിരിച്ചറിവ് ബി ജെ പി നേതാക്കള്‍ക്കുണ്ട്.രാജ്യ സുരക്ഷയെയും സൈന്യത്തെയും തൊട്ടുകളിച്ചാല്‍ ഒരു തരിപോലും ശേഷിക്കാത്ത വിധം തുടച്ചുനീക്കപ്പെടുമെന്ന് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കളിക്കുന്നവര്‍ക്കറിയാം.ഇതിന് പുറമെ ബി ജെ പി നേതാക്കള്‍ക്കെതിരേയും അവരുടെ വീടിന് നേരേയും വാഹനങ്ങള്‍ക്ക് നേരേയും നടക്കുന്ന ആക്രമണങ്ങള്‍, കേന്ദ്രത്തെയും മോദിയെയും മുന്നോട്ടും പിന്നോട്ടും നോക്കാതെ ന്യായീകരിക്കുന്ന നേതാക്കളെ പോലും ഈ വിഷയത്തില്‍ മൗനികളാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
പദ്ധതിക്കെതിരെ ഇത്തരത്തിലൊരു പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.തൊഴിൽ നൽകുക വഴി യുവാക്കളെ കൈയ്യിലെടുത്ത് സൈനികരെ ബലിയാടുകളാക്കി ഭാരിച്ച പെൻഷനിൽ നിന്നും തലയൂരാനായിരുന്നു അവരുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: